കോഴിക്കോട്: കേരള മദ്യ നിരോധന സമിതി 44-ാം സംസ്ഥാന സമ്മേളനം 14ന് ശനി കാലത്ത് 9.30ന് ഗാന്ധി ഗൃഹത്തിൽ നടക്കുമെന്ന് പ്രസിഡണ്ട് സിദ്ദീഖ് മൗലവി അയിലക്കാട്ടും വർക്കിംഗ് പ്രസിഡണ്ട് പ്രൊഫ.ടി.എം.രവീന്ദ്രനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമ്പൂർണ്ണ മദ്യ നിരോധനത്തിനായുള്ള അന്തിമ പോരാട്ടം എന്ന നിലയിൽ മദ്യ വിമോചന സമരം ജനുവരി 30 മുതൽ ആരംഭിച്ചിട്ടുണ്ട്. സർക്കാരിന്റെ മദ്യ നയത്തിനെതിരെ ആഞ്ഞടിക്കുവാനുള്ള കർമ്മ പദ്ധതികൾക്ക് സമ്മേളനം അന്തിമ രൂപം നൽകും. ഡോ.എം.പി.അബ്ദുസമദ് സമദാനി എം.പി സമ്മേളനം ഉൽഘാടനം ചെയ്യും. അവാർഡ് സമർപ്പണവും പ്രോഹിബിഷൻ മാസിക പ്രകാശനവും കെ.കെ.രമ എം.എൽ.എ നിർവ്വഹിക്കും. മദ്യവിരുദ്ധ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് കെസിബിസി മദ്യവിരുദ്ധ സമിതി നേതാവ് അഡ്വ.ചാർളി പോളിന് എം.പി.മന്മഥൻ അവാർഡ് സമർപ്പിക്കും.കപിലാശ്രമം തൃപ്രയാർ പ്രസിഡണ്ട് സ്വാമി തേജസ്വരൂപാനന്ദ സരസ്വതി, കോഴിക്കോട് രൂപത വികാരി ജനറൽ വെരി.റവ.മോൺ.ഡോ.ജെൻസൺ പുത്തൻ വീട്ടിൽ, ചീഫ് ഇമാം കോഴിക്കോട് പാളയം ജുമാ മസ്ജിദ് ഡോ.ഹുസൈൻ മടവൂർ അനുഗ്രഹ പ്രഭാഷണം നടത്തും. ഡിസിസി പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺകുമാർ, വെൽഫെയർ പാർട്ടി നാഷണൽ സെക്രട്ടറി ഇ.സി.ആയിഷ, പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി, മദ്യവിരുദ്ധ ജനകീയ മുന്നണി തിരുവനന്തപുരം ചെയർമാൻ അഡ്വ.ഹരീന്ദ്രനാഥ് ആശംസകൾ നേരും.
തായാട്ട് ബാലൻ, സോഷ്യോ വാസു, ഡോ.ആർസു,ആർട്ടിസ്റ്റ് ശശികല കണ്ണൂർ എന്നിവരെ ആദരിക്കും. സംസ്ഥാന പ്രസിഡണ്ട് സിദ്ദീഖ് മൗലവി അയിലക്കാട്ട് അധ്യക്ഷത വഹിക്കും. സംസ്ഥാന ജന.സെക്രട്ടറി ഇ.എ.ജോസഫ് റിപ്പോർട്ടവതരിപ്പിക്കും. സ്വാഗത സംഘം ജനറൽ കൺവീനർ പ്രൊഫ.ടി.എം.രവീന്ദ്രൻ സ്വാഗതവും കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വി.പി.ശ്രീധരൻ മാസ്റ്റർ നന്ദിയും പറയും. ഇ.എ.ജോസഫ്, പ്രൊഫ ഒ.ജെ. ചിന്നമ്മ, ഏട്ടൻ ശുകപുരം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.