കോഴിക്കോട്: പ്രൈവറ്റ് എയ്ഡഡ് സ്‌കൂൾ മാനേജേഴ്‌സ് ജില്ലാ സമ്മേളനം നാളെ അളകാപുരിയിൽ നടക്കും. സംസ്ഥാനത്തെ 75% വിദ്യാലയങ്ങളും എയ്ഡഡ് മേഖലയിലായിരുന്നിട്ടും, മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി വിദ്യാലയങ്ങളുടെ നടത്തിപ്പിന് മാനേജർമാർ ബുദ്ധിമുട്ടുകയാണെന്ന് പ്രൈവറ്റ് സ്‌കൂൾ (എയ്ഡഡ്) മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡണ്ട് പൂമംഗലം അബ്ദുറഹിമാനും, സെക്രട്ടറി സി.കെ.ബദറുദ്ദീൻ ഹാജിയും വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെഇആർ ഭേദഗതികൾ, കേന്ദ്ര വിദ്യാഭ്യാസ നയം, സുപ്രീം കോടതിയിലുള്ള കേസുകൾ, സംവരണ വിഷയത്തിലുള്ള കേസ്്, മെയ്ന്റനൻസ് ഗ്രാന്റ് കൃത്യ സമയത്ത് ലഭിക്കാതിരിക്കൽ, അശാസ്ത്രീയമായ നിയമന നിരോധനം എന്നിവയെല്ലാം പ്രതികൂലമായി നിൽക്കുന്നുണ്ടെന്നവർ ആരോപിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് അരവിന്ദൻ മണ്ണൂർ, എൻ.വി.ബാബുരാജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.