കോഴിക്കോട്: യുദ്ധമോ യുദ്ധസമാന സാഹചര്യമോ നേരിടേണ്ടി വന്നിട്ടില്ലാത്ത കേരളത്തിൽ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രവർത്തനം ഏറെ ഗുണപ്രദമാവുന്ന കാലഘട്ടത്തിലൂടെയാണ് കേരളം കടന്നു പോകുന്നതെന്ന് മേയർ ഡോക്ടർ ബീന ഫിലിപ് പറഞ്ഞു. ലോക റെഡ് ക്രോസ് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് ജില്ലാ ബ്രാഞ്ച് സംഘടിപ്പിച്ച റെഡ് ക്രോസ് ദിനാഘോഷ പരിപാടികൾ കോഴിക്കോട് പി വി എസ് ആശുപത്രി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായരുന്നു അവർ. കോവിഡ് രോഗികളുടെ മൃതദേഹം സംസ്‌കരിക്കുകയും, ലോക്ഡൗൺ കാലത്ത് റെഡ് ക്രോസിന്റെ മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായി രോഗികൾക്ക് ജീവൻരക്ഷാമരുന്നുകൾ എത്തിച്ചു നൽകുകയും രക്തദാനം ചെയ്യുകയും ചെയ്ത വളണ്ടിയർമാരെ അനുമോദിച്ചു. മുൻ റെഡ്‌ക്രോസ് കോഴിക്കോട് ജില്ല സെക്രട്ടറിയുമായിരുന്ന കെ വി ഗംഗാധരൻ മാസ്റ്റർ ജെ ആർ സി ജില്ലാ പ്രസിഡന്റ് കെ കെ രാജേന്ദ്രകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചെയർമാൻ മാടഞ്ചേരി സത്യനാഥൻ അധ്യക്ഷത വഹിച്ചു.ജില്ലാസെക്രട്ടറി കെ ദീപു റെഡ് ക്രോസ് സന്ദേശം നൽകി. അഡ്വ എം രാജൻ, രൻജീവ് കുറുപ്പ് സംസാരിച്ചു. ജില്ലാ വൈസ് ചെയർമാൻ ഷാൻ കട്ടിപ്പാറ സ്വാഗതം പറഞ്ഞു.