കോഴിക്കോട് : പ്രവാസികൾക്ക് ഏറെ സഹായകമായിരുന്ന കൊറിയർ ആനുകൂല്യം പുന:സ്ഥാപിക്കണമെന്ന് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് നിവേദനം ചേംബർ പ്രസിഡന്റ് റാഫി പി ദേവസ്യ, കോഴിക്കോട്ടെത്തിയ കേന്ദ്ര ഷിപ്പിങ് – പോർട്ട് സഹ മന്ത്രി പദ് യശോ നായിക്കിനെ നേരിൽ സന്ദർശിച്ച് നിവേദനം കൈമാറി. ചടങ്ങിൽ ഗോവ ഗവർണ്ണർ അഡ്വ.പി എസ് ശ്രീധരൻ പിള്ള സന്നിഹിതനായിരുന്നു.
പ്രവാസികൾ നാട്ടിലേക്ക് ഉപഹാരം അയക്കുന്നത് നേരത്തെ 20, 000 രൂപ വരെ അടിസ്ഥാന നികുതി ഒഴിവാക്കിയിരുന്നു. ഇത് പിന്നീട് 10,000 രൂപയായും തുടർന്ന് 5000 രൂപയായും പരിമിതപ്പെടുത്തി. കോവിഡ് സാഹചര്യത്തിൽ മരുന്ന് ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയുടെ മറവിൽ ഈ ആനുകൂല്യം പൂർണ്ണമായി എടുത്തുകളഞ്ഞു.
നിലവിൽ കാർഗോ കൊറിയർ അയക്കുമ്പോൾ പ്രവാസികൾ അടിസ്ഥാന നികുതി 35% ഉം , ജി എസ് ടി 28 % വും , 10% സെസും അടക്കം 73 % നികുതിയാണ് ഈടാക്കുന്നത്.
കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറുന്ന പ്രവാസികൾക്ക് മറ്റൊരു തിരിച്ചടിയാണിത്. വിഷയം കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനെ അറിയിക്കാമെന്ന് കേന്ദ്ര മന്ത്രി ശ്രീ പദ് യശോ നായിക്ക് ഉറപ്പ് നൽകിയതായി ചേംബർ പ്രസിഡന്റ് റാഫി പി ദേവസ്യ പറഞ്ഞു.കാലിക്കറ്റ് ചേബർ മുൻ പ്രസിഡന്റ് സുബൈർ കൊളക്കാടൻ , പോർട്ട് കമ്മിറ്റി അംഗം സി. ടി. മുൻഷിദ് അലി , ടി പി ഇമ്പിച്ചമ്മദ് എന്നിവർ സംബന്ധിച്ചു.