നൂറു ദിന കർമപദ്ധതി: തൊഴിൽ പൂർത്തീകരണ  പ്രഖ്യാപനം നടത്തി

നൂറു ദിന കർമപദ്ധതി: തൊഴിൽ പൂർത്തീകരണ പ്രഖ്യാപനം നടത്തി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ നൂറു ദിന കർമപദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതികളിലൂടെ സ്വയംതൊഴിൽ രംഗത്തും വേതനാധിഷ്ഠിത തൊഴിൽ പദ്ധതി പൂർത്തീകരണത്തിൻറെ ഔദ്യോഗിക പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് ഇ.എം.എസ് ഹാളിൽ തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഡി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.

നൂറു ദിന കർമപരിപാടിയുടെ ഭാഗമായി കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതകളിലൂടെ ലക്ഷ്യമിട്ടതിലും കൂടുതൽ പേർക്ക് സ്വയംതൊഴിൽ രംഗത്തും വേതനാധിഷ്ഠിത തൊഴിൽ മേഖലയിലും തൊഴിൽ ലഭ്യമാക്കാൻ കഴിഞ്ഞത് നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ ഉപജീവന പദ്ധതികളിലൂടെ 5000 പേർക്ക് സ്വയംതൊഴിൽ നൽകുക എന്നതായിരുന്നു ലക്ഷ്യം. ഇതു പ്രകാരം കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം വഴി (592), സ്റ്റാർട്ടപ് വില്ലേജ് എൻറർപ്രണർഷിപ് പ്രോഗ്രാമിലൂടെ(110), സൂക്ഷ്മസംരംഭങ്ങൾ(5622), മൃഗസംരക്ഷണം(592), കാർഷിക മൂല്യവർധിത ഉൽപന്ന നിർമാണ സംരംഭങ്ങൾ(261) എന്നീ പദ്ധതികളിലൂടെ ആകെ 7865 പേർക്ക് വിവിധ മേഖലകളിൽ സ്വയംതൊഴിൽ ലഭ്യമാക്കുന്നതിന് സാധിച്ചു.

പ്രവാസി ഭദ്രത പേൾ പദ്ധതി വഴി 2824 പ്രവാസികൾക്ക് തൊഴിൽ കണ്ടെത്തുന്നതിനായി പലിശരഹിത വായ്പ ലഭ്യമാക്കി. ഒരാൾക്ക് പരമാവധി രണ്ടു ലക്ഷം രൂപ വരെയാണ് വായ്പ നൽകിയത്. 1000 പ്രവാസി സംരംഭങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യവുമായി തുടക്കമിട്ട പദ്ധതി വഴി നിലവിൽ 1719 സംരംഭങ്ങൾ തുടങ്ങാൻ കഴിഞ്ഞിട്ടുണ്ട്. ഇതു കൂടാതെ യുവകേരളം, ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന(ഡി.ഡി.യു.ജി.കെ.വൈ) പദ്ധതികളിലൂടെ 2678 യുവതീ യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനം നൽകി വേതനാധിഷ്ഠിത തൊഴിൽ ലഭ്യമാക്കുന്നതിനും സാധിച്ചിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെ വിവിധ വകുപ്പുകളുമായി ചേർന്നു കൊണ്ട് ഒരു ലക്ഷം സംരംഭകരെ കണ്ടെത്താനുള്ള പദ്ധതിയും ഉടൻ നടപ്പാക്കും. കെഡിസ്‌കുമായി ചേർന്നു കൊണ്ട് അടുത്ത നാലു വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്ക് തൊഴിൽ നൽകാനുള്ള കാര്യങ്ങളും പുരോഗമിക്കുകയാണ്. ഇപ്രകാരം കേരളത്തിലെ തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യത്തിലേക്കാണ് നാം മുന്നേറുന്നതെന്നും അത് കേരളത്തിൻറെ ചരിത്രത്തിലെ പുതിയൊരു അധ്യായമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. യുവകേരളം പദ്ധതിയുടെയും മറ്റ് ഉപജീവന പദ്ധതികളുടെയും ഭാഗമായി തൊഴിൽ ലഭ്യമായവർക്കും പ്രവാസി ഭദ്രതാ-പേൾ മുഖേന സംരംഭം തുടങ്ങിയവർക്കുമുള്ള സർട്ടിഫിക്കറ്റും ശിൽപവും അദ്ദേഹം വിതരണം ചെയ്തു.

കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.ഐ ശ്രീവിദ്യ സ്വാഗതം പറഞ്ഞു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഡി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ.ഷൈലജാ ബീഗം, കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ, കുടുംബശ്രീ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ ശ്രീകാന്ത് എ.എസ്, പ്രോഗ്രാം ഓഫീസർ പ്രദീപ് കുമാർ. ആർ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ബി.വി ശ്രീലത നന്ദി പറഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *