കോഴിക്കോട്: റേഷൻ വ്യാപാരികൾ തീർത്ഥാടനത്തിനായി പോകുമ്പോൾ എടുക്കുന്ന അവധി സംബന്ധിച്ച് സർക്കാർ ഉത്തരവിൽ അപാകത വന്നിട്ടുണ്ടെങ്കിൽ പുന:പരിശോധിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. ഇക്കാര്യം വകുപ്പ് മന്ത്രിയുമായി സംസാരിക്കും. പ്രളയം, കോവിഡ് കാലങ്ങളിൽ സ്വന്തം ജീവൻ തൃണവൽഗണിച്ച് സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം സംരക്ഷിച്ചവരാണ് റേഷൻ വ്യാപാരികൾ. 60ഓളം വ്യാപാരികളാണ് ഇക്കാലയളവിൽ മരണപ്പെട്ടത്. കോവിഡ് മൂലം മരണപ്പെട്ടവരുടെ ആനുകൂല്യങ്ങൾ ഇവർക്കും ലഭിക്കേണ്ടതുണ്ട്. ആരോഗ്യ മേഖലക്ക് കൊടുക്കേണ്ട പ്രാധാന്യം തന്നെയാണ് റേഷൻ വ്യാപാരികൾക്കും നൽകേണ്ടത്. റേഷൻ വ്യാപാരികളുടെ ഉന്നമനത്തിനായി കൂടുതൽ മേഖലകളിൽ വ്യാപാരികളെ സഹകരിപ്പിക്കാൻ സാധിക്കുമെന്ന് സർക്കാർ ചിന്തിക്കും. റേഷൻ കടകളിൽ മണ്ണെണ്ണ എത്തിച്ചുകൊടുക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും. രണ്ട് വർഷമായി സർക്കാരിന്റെ വരുമാനം കുറഞ്ഞിട്ടുണ്ടെങ്കിലും റേഷൻ വ്യാപാരികളുടെ ആവശ്യങ്ങൾ സർക്കാർ ഉത്തരവാദിത്തമായി കാണുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.