മത്സ്യബന്ധന മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം ധീവരസഭ

കോഴിക്കോട്: മത്സ്യത്തിന്റെ ലഭ്യതക്കുറവും രൂക്ഷമായ ഇന്ധന വിലവർധനവും മൂലം നിത്യദാരിദ്ര്യത്തിലായ കടലോര ജനതയെ രക്ഷിക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്ന് അഖില കേരള ധീവരസഭ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് അഡ്വ. യു.എസ്.ബാലൻ ആവശ്യപ്പെട്ടു. മത്സ്യബന്ധനത്തിനായി ലിറ്ററിന് 25 രൂപ നിരക്കിൽ മണ്ണെണ്ണ നൽകുമെന്ന ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനം ഒരു വർഷമായിട്ടും സർക്കാർ നടപ്പാക്കിയിട്ടില്ല. കേരളത്തിന് കേന്ദ്രം നൽകുന്ന മണ്ണെണ്ണയുടെ ക്വാട്ട വെട്ടിക്കുറച്ചതും വില കുത്തനെ കൂട്ടിയതും പ്രതിഷേധാർഹമാണ്. അയൽ സംസ്ഥാനങ്ങളിൽ നൽകുന്നത് പോലെ മണ്ണെണ്ണയും മറ്റും സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. ധീവര വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയാണ്. കുടിശ്ശികയായ ലംപ്‌സം ഗ്രാന്റും സ്‌റ്റൈപ്പന്റും ഉടൻ വിതരണം ചെയ്യണമെന്നും യു.എസ്.ബാലൻ കൂട്ടിച്ചേർത്തു. ധീവരസഭ ജില്ലാ സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.സുധാകരൻ അധ്യക്ഷത വഹിച്ചു. മാനവശേഷി വികസന സമിതി സംസ്ഥാന കൺവീനർ സുനിൽ മടപ്പള്ളി, ധീവരസഭ കാസർഗോഡ് ജില്ലാ പ്രസിഡന്റ് എസ്.സോമൻ, കെ.വിവേകാനന്ദൻ, പി.മോഹനൻ , യു.ജയരാജൻ, പി.കെ.ജോഷി, രാജു കുന്നത്ത്, പി.പി.നാരായണൻ , പി.കെ.സുരേന്ദ്രൻ, ലത വടക്കേടത്ത് പ്രസംഗിച്ചു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *