ചേവായൂർ: ബഹുസ്വരതയെ ബഹുമാനിക്കാൻ പഠിക്കലാണ് 21 നൂറ്റാണ്ടിൽ ആർജ്ജിക്കേണ്ട പ്രധാന സ്‌കിലെന്ന് ഒ.പി.സുരേഷ് പറഞ്ഞു സെൻറർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ (സിജി) സമ്മർ ക്യാമ്പിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ത്രിദിന റെസിഡൻഷ്യൽ ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ക്യാമ്പിന്റെ പ്രതീകമായി സിജി ക്യാമ്പസിൽ ഒൻപത് ഫലവൃക്ഷ തൈകൾ നട്ടു കൊണ്ട് തുടക്കം കുറിക്കുകയും ചെയ്തു. ‘ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ നൈപുണ്യങ്ങൾ’ എന്ന ആശയത്തിലൂന്നി സിജി നടത്തി വരുന്ന സമ്മർ ക്യാമ്പിൽ 3 ആം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മെയ് 8 മുതൽ 10 വരെ നടക്കുന്ന ക്യാമ്പിൽ 70 ൽ പരം വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. സിജി വൈസ് പ്രസിഡന്റ് ഡോ: ഇസഡ് എ അഷ്‌റഫ് അദ്ധ്യക്ഷനായ ചടങ്ങിൽ, സിജി എക്‌സിക്യൂട്ടീവ് അംഗം ഡൊമനിക് മാത്യു മുഖ്യ പ്രഭാഷണം നടത്തി. ക്യാമ്പ് ലീഡ് ഫെസിലിറേറ്റർ ജസ്ലീന കൊയിലാണ്ടി സ്വാഗതവും ഡോ: ജയഫർ ആലിച്ചെത്ത് നന്ദിയും പറഞ്ഞു.