കോഴിക്കോട്: കോവിഡ് കാലത്ത് 13 മാസക്കാലം കിറ്റ് വിതരണം ചെയ്തതിൽ ലഭിക്കാനുള്ള 11 മാസത്തെ വേതനം സുപ്രീം കോടതിയിൽ പോകേണ്ടി വന്നാലും നേടിയെടുക്കുമെന്ന് ആൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ജോണി നെല്ലൂർ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് നൽകിയിട്ടും പണം നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം കുറ്റമറ്റ രീതിയിൽ നിലനിർത്തുന്നത് റേഷൻ വ്യാപാരികളാണ്. മിനിമം വേതനം 700 രൂപ സർക്കാർ കണക്കാക്കിയിട്ടുണ്ടെങ്കിലും 50,40, വർഷം റേഷൻ വിതരണ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അത് ലഭിക്കുന്നില്ല. ഇപ്പോൾ 18000 രൂപയാണ് നൽകുന്നത്. കടയുടെ വാടക, വൈദ്യുതി ചാർജ്ജ്, സെയിൽസ്മാന്റെ ശമ്പളം കഴിച്ചാൽ കടയുടമയ്ക്ക് തുച്ഛമായ വരുമാനമാണ് ലഭിക്കുന്നത്. ഒരു കുടുംബം പുലർത്താൻ റേഷൻ വ്യാപാരികൾക്ക് ഇതുകൊണ്ട് കഴിയുമോ എന്ന് സർക്കാർ ആലോചിക്കണം. 2017ൽ വേതനക്കരാർ നടപ്പിലാക്കുമ്പോൾ മുഖ്യമന്ത്രി പറഞ്ഞത് മൂന്ന് മാസം കഴിഞ്ഞ് റിവ്യൂ ചെയ്യാമെന്നാണ്. 2018ലെ പ്രളയം, കോവിഡ് എന്നിവ മൂലം വർഷം നാല് കഴിഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ ഒരു പരിശോധനയും നടത്തിയിട്ടില്ല. മണ്ണെണ്ണക്ക് 19 രൂപ വിലയുണ്ടായിരുന്നപ്പോൾ 2.20 പൈസയാണ് കമ്മീഷൻ. ഇപ്പോൾ 86 രൂപയായപ്പോഴും കമ്മീഷൻ പഴയതു തന്നെയാണ്. ഓരോ ഷോപ്പുടമയും ഡിപ്പോയിൽ നിന്ന് വണ്ടി വിളിച്ച് മണ്ണെണ്ണയെത്തിച്ച് വണ്ടിക്കൂലി കയ്യിൽ നിന്ന് കൊടുക്കേണ്ട അവസ്ഥയാണ്. ഒരു ക്വിന്റൽ പഞ്ചസാര വിറ്റാൽ കിട്ടുന്നത് 50 രൂപയാണ്. വിൽപ്പന കഴിയുമ്പോൾ 4, 5 കിലോ കുറയും. ഇതിന്റെ നഷ്ടവും വ്യാപാരിയുടെ തലയിൽ തന്നെയാണ്. വീഴുന്നത്. 3 വർഷം കൂടുമ്പോൾ സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം വർദ്ധിപ്പിക്കുന്നുണ്ട്. തീർത്ഥാടനത്തിന് പോകാൻ അനുമതി നൽകുന്നതോടൊപ്പം കടയുടെ ലൈസൻസ് പ്രസ്തുത കാലയളവിൽ സസ്‌പെന്റ് ചെയ്യുമെന്ന സർക്കാർ ഉത്തരവ് അവഹേളിക്കുന്നതിന് തുല്ല്യമാണെന്നദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സമ്മേളനം ജൂൺ ആദ്യവാരം കോഴിക്കോട്ട് നടക്കും. ആൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മന്ത്രി അഹമ്മദ് ദേവർകോവിൽ സമ്മേളനം ഉൽഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് പി.അരവിന്ദൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി ടി.മുഹമ്മദലി, സെക്രട്ടറിമാരായ പി.ഉണ്ണികൃഷ്ണപിള്ള, പി.പവിത്രൻ, സംസ്ഥാന ഓഡിറ്റർ വി.കെ.മുകുന്ദൻ, കെ.പി.ബാബു, പുതുക്കോട് രവീന്ദ്രൻ, എൻ.പി.സുനിൽ കുമാർ, എം.എ.നസീർ, ഇ.ശ്രീജൻ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.പി.അഷ്‌റഫ് സ്വാഗതവും ടി.എം.അശോകൻ നന്ദിയും പറഞ്ഞു.