അമെച്വർ നാടകോത്സവം 2022 മെയ് 9 മുതൽ 13 വരെ വടകരയിൽ

അമെച്വർ നാടകോത്സവം 2022 മെയ് 9 മുതൽ 13 വരെ വടകരയിൽ

കോഴിക്കോട്: കേരള സംഗീത നാടക അക്കാദമി അമെച്വർ നാടകോത്സവം മെയ് 9 മുതൽ 13 വരെ വടകര ടൗൺഹാളിൽ നടക്കുമെന്ന് കേരള സംഗീത നാടക അക്കാദമി നിർവ്വാഹക സമിതിയംഗം വി.ടി.മുരളി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷത്തോളമായി സജീവമല്ലാതിരുന്ന നാടക മേഖലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്തരം പരിപാടികൾ സംസ്ഥാനത്ത് 10 കേന്ദ്രങ്ങളിൽ നടത്തുന്നതെന്നും, 20 വർഷത്തിന് ശേഷമാണ് വടകരയിൽ അമെച്വർ നാടക വേദി ഒരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 9ന് വൈകിട്ട് 5 മണിക്ക് കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നാടകോത്സവം ഉൽഘാടനം ചെയ്യും. സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട് അദ്ധ്യക്ഷത വഹിക്കും. വി.ടി.മുരളി, വടകര നഗരസഭ ചെയർപേഴ്‌സൺ കെ.പി.ബിന്ദു, നാടക രചയിതാവ് സുരേഷ് ബാബു ശ്രീസ്ഥ എന്നിവർ സംസാരിക്കും. അത്‌ലറ്റ് കായിക നാടകവേദി പാലക്കാട് അവതരിപ്പിക്കുന്ന 1947 നോട്ട്ഔട്ട് നാടകം അരങ്ങേറും. 10ന് വൈകിട്ട് 5ന് നടക്കുന്ന പഴയകാല നാടക പ്രവർത്തകരുടെ സംഗമത്തിൽ നാടക-സിനിമാ നടൻ മുഹമ്മദ് പേരാമ്പ്ര മുഖ്യാതിഥിയാവും. തുടർന്ന് റിമമ്പറൻസ് തിയേറ്ററിന്റെ ഇരിക്കപിണ്ഡം കഥ പറയുന്നു അരങ്ങേറും. 11ന് വൈകിട്ട് 5 മണിക്ക് പഴയകാല നാടക ഗാനങ്ങൾ മധുര ഗീതങ്ങൾ ഗായക സംഘം അവതരിപ്പിക്കും. ലിറ്റിൽ എർത്ത് സ്‌കൂൾ ഓഫ് തിയേറ്ററിന്റെ ബൊളീവിയൻ സ്റ്റാർസ് നാടകം അവതരിപ്പിക്കും. 12ന് വൈകിട്ട് 5 മണിക്ക് നാടകത്തിലെ സ്ത്രീപക്ഷ വായന എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന സെമിനാറിൽ നാടക പ്രവർത്തകരായ ശ്രീജ ആറങ്ങോട്ട്കര, സുധി നിരീക്ഷ എന്നിവർ സംബന്ധിക്കും. നെരൂദ തിയേറ്റേഴ്‌സ് നടക്കാവ്(കാസർക്കോഡ്)ന്റെ ഒറ്റൻ അവതരിപ്പിക്കും. 13ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ ജയപ്രകാശ് കൂളൂർ മുഖ്യാതിഥിയായിരിക്കും. കുട്ടികൾക്കായി നടക്കുന്ന ക്യാമ്പിൽ രൂപപ്പെട്ട നാടകവും തിയേറ്റർ റൂട്ട്‌സ് ആന്റ് വിങ്‌സിന്റെ ബാനറിൽ ശങ്കർ വെങ്കിടേശ്വരൻ ഒരുക്കുന്ന മിന്നുന്നതെല്ലാം എന്ന നാടകവും അരങ്ങേറും.
വടകരയുടെ കലാ-സാംസ്‌കാരിക-നാടക പാരമ്പര്യത്തെയും, നാടക മേഖലയെക്കുറിച്ചും ആധികാരികമായി തയ്യാറാക്കിയ സുവനീർ പ്രകാശനം ചെയ്യും. പ്രവേശനം സൗജന്യമാണ്. 30 വർഷത്തോളമായി പ്രവർത്തിക്കുന്ന എഫാസുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വാർത്താ സമ്മേളനത്തിൽ എഫാസ് പ്രസിഡണ്ട് ടിവിഎ ജലീൽ മാസ്റ്റർ, സെക്രട്ടറി സി.വൽസകുമാർ, വൈസ് പ്രസിഡണ്ട് എൻ.ചന്ദ്രനും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *