സെഡ് ജി സി കമ്മ്യൂൺ ഉൽഘാടനം നാളെ

കോഴിക്കോട്: 145 വർഷത്തെ പാരമ്പര്യവുമായി വിദ്യാഭ്യാസ രംഗത്ത്    തിളങ്ങി നിൽക്കുന്ന ഏഷ്യയിലെ തന്നെ പ്രശസ്ത ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ ഗുരുവായൂരപ്പൻ കോളേജിലെ അധ്യാപക-അനധ്യാപക-പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സെഡ് ജി സി കമ്മ്യൂണിന്റെ ഔപചാരികമായ ഉൽഘാടനം നാളെ കാലത്ത് 9.30ന് പ്രശസ്ത സാഹിത്യകാരൻ എൻ.എസ്.മാധവൻ നിർവ്വഹിക്കുമെന്ന് ഭാരവാഹികളായ ചെയർമാൻ ഡോ.ടി.രാമചന്ദ്രനും, ജനറൽ കൺവീനർ ബഷീർ.എൻ ഉം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2021 ജൂൺ മുതലാണ് കൂട്ടായ്മ പ്രവർത്തനമാരംഭിച്ചത്. ഗുരുവായൂരപ്പൻ കോളേജിലൂടെ കടന്നുപോയവർക്കും, രോഗബാധിതരായവർക്കും ഒരു കൈതാങ്ങാവുക എന്നതാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. ഈ മേഖലയിൽ 25 ലക്ഷത്തിലധികം രൂപയുടെ സഹായം ഇതിനകം നൽകി കഴിഞ്ഞിട്ടുണ്ട്. കോളേജിൽ പഠിച്ച് ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ജീവിക്കുന്നവരെല്ലാം കൂട്ടായ്മയിൽ അംഗങ്ങളാണ്. മെമ്പർമാർ നൽകുന്ന സാമ്പത്തിക സഹായമാണ് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മൂലധനമെന്നവർ കൂട്ടിച്ചേർത്തു. പൂർവ്വ വിദ്യാർത്ഥിയും ഐജിയുമായ പി.വിജയൻ ഐപിഎസ് പൂർവ്വ വിദ്യാർത്ഥിയും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ പി.വി.ചന്ദ്രന് ലോഗോ നൽകി പ്രകാശനം ചെയ്യും. ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥികളായ അഡ്വ.ടി.സിദ്ദീഖ് എം.എൽ.എ, മുൻ എം.എൽ.എ മാരായ എ.പ്രദീപ് കുമാർ, സത്യൻ മൊകേരി, ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ, പ്രൊഫ.ടി.ശോഭീന്ദ്രൻ, പ്രൊഫ.മാധവൻ നായർ.കെ, പ്രൊഫ. സത്യവതി.സി.എം, പ്രിൻസിപ്പൽ രജനി ആശംസകൾ നേരും. സെഡ് ജി സി കമ്മ്യൂൺ ജനറൽ സെക്രട്ടറി പി.ടി രഞ്ജൻ റിപ്പോർട്ട് അവതരിപ്പിക്കും. സാഹിത്യ സദസ്സ് കെ.ജയകുമാർ ഐഎഎസ് ഉൽഘാടനം ചെയ്യും. കവി പി.കെ.ഗോപി കമ്മ്യൂൺ എന്ത്, എന്തിന് എന്ന വിഷയത്തെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തും. കാമ്പസ് ജീവിതം ഒരു കടപ്പാട് കൂടിയാണ് എന്ന വിഷയത്തെക്കുറിച്ച് യു.കെ.കുമാരനും, എന്നെ വിനോദ് കോവൂരാക്കിയ കാമ്പസ് എന്ന വിഷയത്തെ ആസ്പദമാക്കി വിനോദ് കോവൂരും, എന്റെ ഗുരുവായൂരപ്പൻ കോളേജ് ജീവിതം എന്ന വിഷയത്തിൽ ടി.ഭാസ്‌കരൻ ഐഎഎസും സംസാരിക്കും.
പൂർവ്വ വിദ്യാർത്ഥിയും നർത്തകിയുമായ ശ്രീജ വാര്യരുടെ മോഹിനിയാട്ടം, പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത മജീഷ്യനുമായ ആർ.കെ.മലയത്തിന്റെ മാജിക് ഷോ, സലാം വട്ടോളിയുടെ ഹാസ്യ നാടകം, തിരുവാതിരകളി, ഗാനമേള എന്നിവ അരങ്ങേറും. പൂർവ്വ വിദ്യാർത്ഥിയും സിനിമ പിന്നണി ഗായികയുമായ ഗംഗ ഗാനമേളക്ക് നേതൃത്വം നൽകും. വാർത്താസമ്മേളനത്തിൽ പ്രൊഫ.കെ.മാധവൻ നായർ, സുന്ദരൻ.എ, രാമചന്ദ്രൻ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *