തൊണ്ടയാട്: എം.വി.ആർ കാൻസർ സെന്റർ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സ്റ്റാർകെയർ ഹോസ്പിറ്റലും സംയുക്തമായി സഹകരിച്ച് സ്റ്റാർകെയറിൽ കാൻസർ ചികിത്സാ വിഭാഗം ആരംഭിക്കും.എം.വി.ആർ കാൻസർ സെന്ററിന്റെ മേൽനോട്ടത്തിൽ സ്റ്റാർകെയർ ഹോസ്പിറ്റലിൽ കീമോതെറാപ്പി ഉൾപ്പെടെയുള്ള കാൻസർ ചികിത്സ സൗകര്യങ്ങൾ, കിടത്തി ചികിത്സ ആവശ്യമായി വരുന്ന രോഗികൾക്കായി പ്രത്യേക ഡേ കെയർ വാർഡുകളും തയ്യാറാക്കിയിട്ടുണ്ട്. എം.വി.ആറിൽ നിന്നുള്ള ഓങ്കോളജിസ്റ്റുകൾ സ്റ്റാർകെയറിൽ വെച്ച് എല്ലാ ദിവസവും രോഗികളെ പരിശോധിക്കും. കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് 5ഉം മൊഫ്യൂസൽ – കെഎസ്ആർടിസി ബസ് സ്റ്റാന്റുകളിൽ നിന്ന് 3ഉം കി.മീ മാത്രം സഞ്ചരിച്ചാൽ സ്റ്റാർകെയറിൽ എത്തിച്ചേരാമെന്നത് കൊണ്ടുതന്നെ കാൻസർ ചികിത്സക്കായി ദൂരദേശങ്ങളിൽ നിന്ന് കോഴിക്കോട്ടെത്തുന്നവർക്ക് ഇതൊരു നേട്ടമാണ്. ഏറ്റവും മിതമായ നിരക്കിൽ മികവുറ്റ സേവനം ലഭ്യമാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ഇരു മാനേജ്‌മെന്റുകളുടെയും അധികൃതർ വ്യക്തമാക്കി. സ്റ്റാർകെയർ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ ഡോ.അബ്ദുള്ള ചെറയക്കാട്ട്, സ്റ്റാർകെയർ ഫൗണ്ടർ ആന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.സാദിഖ് കൊടക്കാട്ട്, സിഇഒ സത്യ, ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ.ഫവാസ് എം, എംവിആർ ഫൗണ്ടേഷൻ സെക്രട്ടറി ജയേന്ദ്രൻ കെ, എം.വി.ആർ കാൻസർ സെന്റർ ചീഫ് പ്പറേറ്റിംഗ് ഓഫീസർ ഡോ.അനൂപ് നമ്പ്യാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.