കോഴിക്കോട്: കേരള സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷൻ 12-ാം സംസ്ഥാന സമ്മേളനം മെയ് 6,7,8 തിയതികളിൽ കോഴിക്കോട്ട് നടക്കും. മെയ് 6ന് കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 10,000 മത്സ്യതൊഴിലാളികൾ അണിനിരക്കുന്ന റാലി നടക്കും. മുതലക്കുളത്ത് നടക്കുന്ന പൊതു സമ്മേളനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കൂട്ടായി ബഷീർ അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി.എ.മുഹമ്മദ് റിയാസ്, പി.പി.ചിത്തരഞ്ജൻ എം.എൽ.എ, സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ പ്രസംഗിക്കും. 7നും 8നും ഭട്ട് റോഡിലുള്ള സമുദ്ര ഓഡിറ്റോറിയത്തിൽ 1,76,000 അംഗങ്ങളെ പ്രതിനിധീകരിച്ച് 250 പ്രതിനിധികൾ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം നടക്കും. പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡണ്ട് ആനത്തലവട്ടം ആനന്ദൻ ഉൽഘാടനം ചെയ്യും. മുൻ എം.എൽ.എ എ.പ്രദീപ് കുമാർ ചെയർമാനും, വി.കെ.മോഹൻദാസ് കൺവീനറും, പി.കെ.മുകുന്ദൻ ട്രഷററുമായ 251 അംഗ കമ്മറ്റിയാണ് സമ്മേളനത്തിന്റെ നടത്തിപ്പിന് ചുക്കാൻ പിടിക്കുന്നത്.