കോഴിക്കോട് : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയും റിസയും വികസിപ്പിക്കുന്നതിനാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ പ്രദേശവാസികളെ വിശ്വാസത്തിലെടുത്തുകൊണ്ടാവണമെന്ന് കാലിക്കറ്റ് എയർപ്പോർട്ട് ഡെവലപ്മെന്റ് ആക്ഷൻ കൗൺസിൽ. ഭൂമിയേറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകുമ്പോൾ സ്ഥലം നഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങൾ സർക്കാർ മനസിലാക്കണം. നടപടി ക്രമങ്ങൾ ലഘൂകരിക്കുകയും അവർക്ക് പറയാനുള്ളത് കേട്ടുകൊണ്ട് സമവായത്തിലൂടെയാവണം സ്ഥലം ഏറ്റെടുക്കലെന്നും അതിന് കാലിക്കറ്റ് എയർപ്പോർട്ട് ഡവലപ്പ്മെന്റ് ജോയിന്റ് ആക്ഷൻ കൗൺസിലിന്റെ ഭാഗത്ത് നിന്ന് സർക്കാരിന് എല്ലാവിധ സഹായങ്ങളുണ്ടാവുമെന്നും ഭാരവാഹികൾ പറഞ്ഞു.
വലിയ വിമാനങ്ങളുടെ സർവ്വീസ് പുനരാരംഭിക്കാൻ റൺവേയും റിസയും വികസിപ്പിക്കേണ്ടതുണ്ടെന്ന് വ്യോമയാന മന്ത്രാലയം കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് 18.5 ഏക്കർ സംസ്ഥാന സർക്കാർ നൽകിയാൽ പദ്ധതി നടപ്പിലാക്കാമെന്ന് കേന്ദ്രം അറിയിച്ചത്. ഇത് പ്രകാരം സംസ്ഥാന സർക്കാർ മന്ത്രിസഭായോഗം ചേർന്ന് ആറു മാസത്തിനകം ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കാൻ തീരുമാനിക്കുകയായിരുന്നു. അതേ സമയം ഭൂമി ഏറ്റെടുക്കൽ പ്രദേശവാസികളെ വിശ്വാസത്തിലെടുത്തുകൊണ്ടാവണം. നിലവിലെ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളിലും പിന്തുണയും ആവശ്യമായ സന്ദർഭങ്ങളിൽ നേരിട്ട് ഭൂവുടമകളുമായി സംവദിക്കാനും തയ്യാറെന്ന് മലബാർ ചേംബർ പ്രസിഡന്റ് കെ.വി.ഹസീബ് അഹമ്മദ്, കാലിക്കറ്റ് ചേംബർ പ്രസിഡന്റ് റാഫി.പി.ദേവസ്സി , ഗ്രെയിറ്റർ മലബാർ ഇനിഷ്യേറ്റീവ് വൈസ് പ്രസിഡന്റ് ജോഹർ ടാംട്ടൻ എന്നിവർ മുഖ്യമന്ത്രിയ്ക്ക് നൽകിയ നിവേദനത്തിലൂടെ അറിയിച്ചു.