തണ്ണീർതടങ്ങളും, നഗര ആവാസ വ്യവസ്ഥയും സംരക്ഷണത്തിന് കർമ്മ പദ്ധതികളുമായി ദർശനം സാംസ്‌കാരിക വേദി

കോഴിക്കോട്: നഗരത്തിന്റെ ആവാസ വ്യവസ്ഥയും, തണ്ണീർത്തടങ്ങളുടെ സംരക്ഷണവും, വിപുലീകരണവും ലക്ഷ്യമിട്ട് ഒരു വർഷകാലം നീണ്ടു നിൽക്കുന്ന കർമ്മ-ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്തതായി ദർശനം സാംസ്‌കാരിക വേദി സെക്രട്ടറി എം.എ.ജോൺസൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പദ്ധതിക്ക് കേരള സർക്കാർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ സാമ്പത്തിക പിന്തുണയുണ്ട്. സിഡബ്ല്യൂആർഡിഎം, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ, കേരള വനം വന്യജീവി വകുപ്പ്‌, കെഎസ്‌സിഎസ്ടിഇ എന്നിവരുടെ സാങ്കേതിക പിന്തുണയോടെ ആരംഭിക്കുന്ന ക്യാമ്പയിൻ നാളെ
കാലത്ത് 10 മണിക്ക്സരോവരം ബയോ പാർക്കിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉൽഘാടനം ചെയ്യും.വാർഡ് കൗൺസിലർ കെ.ടി.സുഷാജ് അധ്യക്ഷത വഹിക്കും. പ്രശസ്ത കണ്ടൽ സംരക്ഷകൻ കണ്ണൂർ താവം സ്വദേശി പാറയിൽ രാജനെ ആദരിക്കും. പുതുപ്പാടി,കൈതപ്പൊയിൽ ലിസ കോളേജിലെ നാഷണൽ സർവ്വീസ് സ്‌കീം(എൻഎസ്എസ്) വളണ്ടിയർമാർ പരിപാടിയിൽ സഹകരിക്കും. കണ്ടൽ നടുന്ന സ്ഥലം ജിപിഎസ് സംവിധാനത്തിൽ ആദ്യവും നട്ട ശേഷവും അടയാളപ്പെടുത്തും.
കോട്ടൂളി തണ്ണീർതടത്തിനെ പ്ലാസ്റ്റിക് മുക്തമാക്കുക, നഷ്ടപ്പെട്ട കണ്ടലുകൾക്ക് പകരം കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയിൽ നിന്നെത്തിക്കുന്ന കണ്ടലുകൾവെച്ച് പരിപാലിക്കുക, ഓപ്പൺഫോറം, കൈപ്പുസ്തക പ്രസിദ്ധീകരണം, എൽ.പി,യു.പി,ഹൈസ്‌കൂൾ കുട്ടികൾക്ക് പെയിന്റിംഗ് മൽസരം, ചിത്ര പ്രദർശനം, യു.പി,ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് പ്രശ്‌നോത്തരി, മിയാവാക്കി വന നിർമ്മാണം, മാനാഞ്ചിറയിൽ ഒരു സെന്റ് സ്ഥലത്ത് 75 നാടൻ ഫലവൃക്ഷം വെയ്ക്കുന്ന പദ്ധതി, ചെലവൂർ പെരളാൻ കാവിലും, കാളാണ്ടിത്താഴം കരുമകൻ കാവിലും സൂക്ഷ്മ വന നിർമ്മാണം, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും, പൊതുജനങ്ങൾക്കുമുള്ള ബോധവൽക്കരണ ക്ലാസുകൾ എന്നീ പ്രവർത്തനങ്ങൾ വരും മാസങ്ങളിൽ സംഘടിപ്പിക്കും. എരഞ്ഞിപ്പാലം സെന്റ് സേവിയേഴ്‌സ് കോളേജ്, മലബാർ ക്രിസ്ത്യൻ കോളേജ്, ദേവഗിരി സെന്റ് ജോസഫ് കോളേജ് എന്നിവിടങ്ങളിലെ എക്കോ ക്ലബ്ബുകളും പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകും.  വാർത്താ സമ്മേളനത്തിൽ കോർപ്പറേഷൻ കൗൺസിലർ എം.പി.ഹമീദ്, ലിസ കോളേജ് ഡയറക്ടർ ഫാദർ നിജു തലച്ചിറ, സിഡബ്ല്യൂആർഡിഎം സയന്റിസ്റ്റ് ഡോ.രജ്ഞിത്ത്, കെ.പി.ജഗനാഥൻ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *