കോഴിക്കോട്: കാലിക്കറ്റ് ചേംബർ വളർച്ചയുടെ പാതയിൽ മുന്നേറുന്നത് അഭിമാനകരമാണെന്ന് ചേംബർ പ്രഥമ പ്രസിഡണ്ട് സിവിസി വാരിയർ പറഞ്ഞു. ചേംബർ രൂപീകരണ കാലത്ത് തന്റെ ഇടത്തും, വലത്തും നിന്ന് സഹായിച്ചവരാണ് ഡോ.കെ.മൊയ്തുവും, എം.മുസമ്മിലുമെന്ന് അദ്ദേഹം അനുസ്മരിച്ചു. നിലവിൽ ഒരു ചേംബർ ഉള്ളപ്പോൾ എന്തിനാണ് പുതിയൊരു ചേംബർ എന്നാണ് ചോദിച്ചിരുന്നത്. ചെന്നൈയിലും, എറണാകുളത്തും ഒന്നിലധികം ചേംബറുകളുണ്ടെന്നും ബിസിനസ് കമ്മ്യൂണിറ്റിക്ക് സഹായം ലഭിക്കുമെങ്കിൽ അത് നല്ലതാണെന്നാണ് മറുപടിയായി പറഞ്ഞത്. പിൽക്കാലത്ത് ജോലിത്തിരക്ക്, യാത്ര എന്നിവ കാരണം ചേംബറിന്റെ പ്രവർത്തനത്തിന് സജീവമാകാൻ കഴിഞ്ഞില്ല. ചേംബർ അംഗങ്ങളെല്ലാം ഒത്തൊരുമിച്ച് വലിയ വലിയ കാര്യങ്ങൾ ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വർദ്ധിക്കുന്ന വിലക്കയറ്റം ബിസിനസുകാരെയാണ് പ്രതികൂലമായി ബാധിക്കുക. ജനങ്ങളുടെ പർച്ചേയ്‌സ് പവർ കുറക്കും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വിലക്കയറ്റം പ്രതികൂല ഘടകം തന്നെയാണ്. ഈ സവിശേഷ സാഹചര്യത്തിൽ ബിസിനസ് മേഖലയെ സംരക്ഷിക്കുന്നതിൽ ചേംബറിന് വലിയ പങ്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചേംബറിന്റെ ഇഫ്താർ മീറ്റിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.മേയർ ബീന ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു. ചേംബർ പ്രസിഡണ്ട് റഫി.പി.ദേവസി അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ രേഖ, ചേംബർ മുൻ പ്രസിഡണ്ട് സുബൈർ കൊളക്കാടൻ ആശംസകൾ നേർന്നു. മുൻ പ്രസിഡണ്ടുമാരായ ഡോ.കെ.മൊയ്തു, എം.മുസമ്മിൽ, എം.ശ്രീരാം, സി.ഇ.ചാക്കുണ്ണി, ടി.പി.അഹമ്മദ്‌കോയ, ഐപ്പ് തോമസ് എന്നിവർ സന്നിഹിതരായിരുന്നു. ചേംബർ ഹോ.സെക്രട്ടറി എ.പി.അബ്ദുള്ളക്കുട്ടി സ്വാഗതവും ട്രഷറർ ബോബിഷ് കുന്നത്ത് നന്ദിയും പറഞ്ഞു.