മുക്കം:സർക്കാർ സ്ഥാപനങ്ങളിൽ നേരിട്ടെത്താൻ ബുദ്ധിമുട്ടുന്നവർക്കായി സേവനങ്ങൾ ഇനി വാതിൽപടിക്കൽ എത്തും. മുഖ്യമന്ത്രിയുടെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി മുക്കം നഗരസഭ പദ്ധതിയുടെ നടപടികൾ ആരംഭിച്ചു.വിവിധ കാരണങ്ങളാൽ സർക്കാർ സേവനം ലഭിക്കാത്തവർ, പ്രായാധിക്യം, ഗുരുതര രോഗം കാരണം ചലനശേഷി നഷ്ടപ്പെട്ടവർ, വയോജനങ്ങൾ, അവശരായവർ, കിടപ്പുരോഗികൾ, പരപ്ലീജിയ രോഗികൾ, മാരക രോഗബാധിതർ, ഭിന്നശേഷിക്കാർ, ഈ വിഭാഗങ്ങളിൽ ഒറ്റപ്പെട്ടുപോയവർ, അതി ദരിദ്രർ എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് സർക്കാർ സേവനം വീടുകളിൽ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതി നിർവഹണത്തിനായി നഗരസഭാതലത്തിൽ മുനിസിപ്പൽ ചെയർമാൻ അധ്യക്ഷനും മുനിസിപ്പൽ സെക്രട്ടറി കൺവീനറുമായി മുനിസിപ്പൽ കമ്മിറ്റി രൂപീകരിച്ചു. ഡിവിഷൻ തലത്തിലും കമ്മറ്റികൾ രൂപവത്കരിക്കും.സർക്കാർ മാനദണ്ഡപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന സന്നദ്ധപ്രവർത്തകർ വഴിയാണ് സേവനങ്ങൾ വീടുകളിലെത്തിക്കുക. വാതിൽപടി സേവനത്തിന്റെ ആദ്യഘട്ടത്തിൽ പെൻഷൻ അപേക്ഷ, മാസ്റ്ററിങ്, ലൈഫ് സർട്ടിഫിക്കറ്റ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, അവശ്യ മരുന്നുകൾ എന്നീ സേവനങ്ങളാണ് വീടുകളിലെത്തിക്കുക.
പദ്ധതി മറ്റു സേവനങ്ങളിലേക്ക് വ്യാപിപ്പിക്കും. സർക്കാർ സേവനങ്ങൾ എല്ലാ ജനങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും അർഹരായ എല്ലാവരെയും പദ്ധതിയുടെ ഭാഗമാക്കുമെന്നും മുക്കം നഗരസഭാ ചെയർമാൻ പി.ടി ബാബു പറഞ്ഞു.