നന്മയ്ക്ക് നമസ്‌കാരം പറയാൻ മലയാളിക്ക് മടി – സുഭാഷ് ചന്ദ്രൻ

നന്മയ്ക്ക് നമസ്‌കാരം പറയാൻ മലയാളിക്ക് മടി – സുഭാഷ് ചന്ദ്രൻ

കോഴിക്കോട്: നന്മയ്ക്ക് നമസ്‌കാരം പറയാൻ മലയാളിക്ക് മടിയാണെന്ന് പ്രശസ്ത സാഹിത്യകാരനായ സുഭാഷ് ചന്ദ്രൻ പറഞ്ഞു. പ്രതിഭാശാലികൾ നമ്മോടൊപ്പമുള്ള കാലത്ത് ആദരിക്കാൻ പൊതുവെ തയ്യാറാവില്ല. ആദരാജ്ഞലി എന്നാൽ മലയാളിക്ക് ഡെഡ്‌ബോഡിയാണ്. ഹിന്ദിയിലാണെങ്കിൽ ആദരിക്കലാണ്. കേരള സർക്കാരിന്റെ വിവർത്തന രത്‌ന പുരസ്‌കാരം നേടിയ ഡോ.ആർസുവിനെ ഭാഷ സമന്വയവേദി സംഘടിപ്പിച്ച പരിപാടി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് മനസിലായതുകൊണ്ടാണ് കവി പന്തളം.പി നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകണമെന്ന് എഴുതിയത്. മുൻകാലങ്ങളിൽ സാഹിത്യ അക്കാദമി, ലളിത കലാഅക്കാദമി, സംഗീത നാടക അക്കാദമി എന്നീ സ്ഥാപനങ്ങൾ പ്രഖ്യാപിക്കുന്ന അവാർഡ് ജേതാക്കളുടെ ഫോട്ടോയും, ന്യൂസും ഒന്നാം പേജിലാണ് പ്രസിദ്ധീകരിക്കാറുണ്ടായിരുന്നത്. ഇന്നത് ചരമ പേജിന്റെ തൊട്ടടുത്ത പേജിലായി മാറിയിരിക്കുകയാണ്. കുട്ടികൾ മുതിർന്നവരെ ബഹുമാനിക്കാൻ മറന്നു പോകുന്ന ഒരു കാലമാണിത്. നമ്മുടെ കുട്ടിക്കാലത്ത് അതിഥികൾ വന്നാൽ എഴുന്നേറ്റ് നിൽക്കും. ഇന്ന് കൈയിൽ ഫോണും, ചെവിയിൽ ഇയർ ഫോണുമായി നടക്കുന്ന തലമുറ അതെല്ലാം മറന്ന് പോയിരിക്കുകയാണ്. ആദരം തന്നെ ഇല്ലാതാകുന്ന തലമുറ വളരുന്ന അവസ്ഥയാണ്. ലാറ്റിൻ അമേരിക്കൻ എഴുത്തുകാരെ അറിയുന്നത് കേമത്തമാണെന്ന് ധരിക്കുകയും രാജ്യത്തെ പ്രമുഖ എഴുത്തുകാരെ മറക്കുകയുമാണ് നമ്മൾ. വിവർത്തനം കൂപ്പുകൈയോടെ നോക്കി കാണേണ്ട വലിയ ഒരു പ്രവർത്തനമാണെന്നും, ഡോ.ആർസു നിഷ്‌കാമകർമ്മിയായാണ് എന്നെന്നും സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്നതെന്നും, വിവർത്തന രംഗത്ത് വലിയ സംഭാവന നൽകിയ വ്യക്തിത്വമാണദ്ദേഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ.പി.കെ.രാധാമണി അധ്യക്ഷത വഹിച്ചു. കവി പി.പി.ശ്രീധരനുണ്ണി ആമുഖ പ്രഭാഷണം നടത്തി. കെ.ജി.രഘുനാഥ്, കെ.പി.സുധീര, ഡോ.ശരത് മണ്ണൂർ, ഡോ.സി.ആർ.സന്തോഷ്, കവിയിത്രി.കെ, വരദേശ്വരി, കെ.എം.വേണുഗോപാൽ, എം.എസ്.ബാലകൃഷ്ണൻ, ഡോ.മിനി, ഡോ.സ്വർണ്ണകുമാരി.ഇ.കെ, ഷൺമുഖൻ, രാമചന്ദ്രൻ ആശംസകൾ നേർന്നു.ഡോ.വാസവൻ സ്വാഗതവും, വേലായുധൻ പള്ളിക്കൽ നന്ദിയും പറഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *