കേരള ഗെയിംസ് ഫോട്ടോ വണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു

കേരള ഗെയിംസ് ഫോട്ടോ വണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു

 

കേരള ഗെയിംസ് ഫോട്ടോ വണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു

കോഴിക്കോട്: കേരള ഒളിമ്പിക് അസോസിയേഷൻ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസിന്റെ ഭാഗമായ കേരള ഗെയിംസ് ഫോട്ടോ വണ്ടി പര്യടനം തുടങ്ങി. കോഴിക്കോട് പയ്യോളി ബസ് സ്റ്റാന്റിൽ വച്ച് നടന്ന ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫോട്ടോ വണ്ടിയുടെ പ്രദർശനോദ്ഘാടനം ഫ്‌ളാഗ് ഓഫ് ചെയ്തു. കേരള കായിക ചരിത്രത്തിൽ അടയാളപ്പെടുത്തിയ കായിക താരങ്ങളുടെ വേറിട്ട പോരാട്ടങ്ങളെ ഓർമിപ്പിക്കുന്നതിന് ഈ യാത്ര സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കായിക താരങ്ങളെ വാർത്തെടുത്ത് കായിക മേഖലയ്ക്ക് പുത്തൻ ഉണർവ്വ് നൽകാനാണ് കേരള ഒളിമ്പിക് അസോസിയേഷൻ പ്രഥമ കേരള ഗെയിംസ്- 2022 സംഘടിപ്പിക്കുന്നത്. മെയ് ഒന്നു മുതൽ 10 വരെ തലസ്ഥാനത്തെ ഉൾപ്പടെ പ്രമുഖ വേദികളിലായി പതിനായിരത്തോളം കായിക താരങ്ങൾ പങ്കെടുക്കുന്ന 24 ഇന മത്സരങ്ങളാണ് നടക്കുന്നത്.
ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. റോയ് ജോണി സ്വാഗതം ആശംസിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. ഒളിമ്പ്യൻ പി ടി ഉഷ, കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല, കോഴിക്കോട് ജില്ലാ ഒളിപിക്സ് അസോസിയേഷൻ പ്രസിഡന്റ് കെ. ടി. ജോസഫ്, ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി സി. സത്യൻ, പയ്യോളി മുൻസിപ്പൽ ചെയർപേഴ്‌സൺ വടക്കേയിൽ ഷഫീക്, കമാൽ വരദൂർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
പയ്യോളിയിൽ നിന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച പര്യടനം 13 ദിവസം കൊണ്ട് സംസ്ഥാനത്തെ 14 ജില്ലകളിലൂടെ സഞ്ചരിച്ച് ഏപ്രിൽ 28ന് തിരുവനന്തപുരത്ത് സമാപിക്കും. കേരള കായിക രംഗത്തിന്റെ കുലപതി ജി.വി. രാജയുടെ ചിത്രം മുതൽ, രാജ്യത്തിന് കേരളം സംഭാവന ചെയ്ത ഏക്കാലത്തെയും മികവുറ്റ താരം ഒളിമ്പ്യൻ പി.ടി. ഉഷയുടെ ചിത്രമടക്കം സംസ്ഥാനത്തിന്റെ കായിക ഭൂപടത്തിൽ ഒഴിച്ചു നിറുത്താൻ കഴിയാത്ത ഒരു പിടി താരങ്ങളുടെ അപൂർവ്വ ചിത്രങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കായികതാരങ്ങളുടെയും കായികയിനങ്ങളുടെയും മികവുറ്റ ചിത്രങ്ങൾ പകർത്തിയ പത്ര ഫോട്ടോഗ്രാഫർമാരുടെ അവിസ്മരണീയ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. കേരള മീഡിയ അക്കാഡമി, കേരള പത്രപ്രവർത്തക യൂണിയൻ, കേരള ഒളിമ്പിക് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് പ്രദർശന പര്യടനം സംഘടിപ്പിച്ചിരിക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *