കോഴിക്കോട്: ശ്രീനാരായണ ഗുരുവിന്റെ സന്ദേശം മാനവലോകത്തിനുള്ള സന്ദേശമാണെന്നും, സംഘർഷങ്ങളും സംഘട്ടനങ്ങളും ഇല്ലാതാക്കുന്നതിന് ഗുരുസന്ദേശമാണ് ഏക പോംവഴിയെന്നും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ മുൻ ഡയറക്ടറും പ്രമുഖ ഗാന്ധിയനുമായ ടി. ബാലകൃഷ്ണൻ പറഞ്ഞു. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണസഭ കോഴിക്കോട് ജില്ലാ കമ്മറ്റി വേങ്ങേരി ശ്രീനാരായണ ഗുരു മന്ദിരത്തിൽ സംഘടിപ്പിച്ച 110-ാമത് ശിവഗിരി ശ്രീശാരദാ പ്രതിഷ്ഠാ സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവിന്റെ ചിന്തകളും ദർശനങ്ങളും കാലികവും കാലാതീതവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സമിതി അംഗം പി.പി.രാമനാഥൻ ആമുഖ പ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി അനൂപ് അർജ്ജുൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ കെ.കെ.വേലായുധൻ, മനോഹരൻ കുന്നുമ്മൽ, ബാലൻ വെളിപാലത്ത്, പി.പി.മോഹനൻ പ്രസംഗിച്ചു.