കേരളത്തിന്റെ കാർഷിക സംസ്‌കാരം  തിരിച്ച് പിടിക്കണം – മന്ത്രി പി.പ്രസാദ്

കേരളത്തിന്റെ കാർഷിക സംസ്‌കാരം തിരിച്ച് പിടിക്കണം – മന്ത്രി പി.പ്രസാദ്

കണ്ണൂർ: കേരളത്തിന്റെ നഷ്ടപ്പെട്ടുപോയ കാർഷിക സംസ്‌കാരം തിരിച്ചു പിടിക്കാനുള്ള പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്കെന്ന കാമ്പയിനെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. നല്ല ഭക്ഷണത്തിനും ജീവിത ശൈലീ രോഗങ്ങൾ അകറ്റാനും കാർഷിക മേഖലയിലെ എല്ലാവരുടെയും പങ്കാളിത്തത്തിലൂടെ സാധിക്കും. കീടനാശിനിയും, അമിത രാസവള പ്രയോഗവും ഇല്ലാതെ നല്ല രീതിയിൽ ശുദ്ധമായ പച്ചക്കറികൾ നമുക്കോരോരുത്തർക്കും ഉൽപ്പാദിപ്പിക്കാനായാൽ ആരോഗ്യവും, കാർഷിക സംസ്‌കാരവുമുള്ള ഒരു ജനതയായി മാറാൻ നമുക്ക് സാധിക്കും. കണ്ണൂർ താണയിലുള്ള ദിനേശ് ഓഡിറ്റോറിയത്തിൽ നടന്ന കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക ഉൽപ്പന്നങ്ങൾക്ക് മികച്ച വില ഉറപ്പാക്കാൻ സർക്കാർ ജാഗരൂകമാണ്. സംഭരണം, സംസ്‌കരണം, വിപണനം എന്നിവയിലൂന്നി പ്രവർത്തനം വിപുലമാക്കാനാണ് ഗവൺമെന്റ് ശ്രമിക്കുന്നത്. കാർഷിക ഉൽപ്പന്നങ്ങളിൽ നിന്ന് മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കണം. കൃഷിഭവനുകൾ, സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, എഫ്പിഒകൾ എന്നിവയെല്ലാം ഇതിനായി പ്രയോജനപ്പെടുത്തണം. ഓരോ വാർഡുകളിലും ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ നടത്തിപ്പിനായി കൃഷിക്കൂട്ടം എന്ന പേരിൽ ഗ്രൂപ്പുകളുണ്ടാക്കണം. സംസ്ഥാനത്ത് 10,000 ഗ്രൂപ്പുകളെങ്കിലും രൂപീകരിക്കണം.
ഈ കാമ്പയിൻ എല്ലാ കുടുംബങ്ങളും ഏറ്റെടുക്കണമെന്നദ്ദേഹം അഭ്യർത്ഥിച്ചു. നെല്ലുൽപ്പാദനത്തിന്റെ കാര്യത്തിൽ വയലുകളുടെ കുറവുണ്ട്. എന്നാൽ പച്ചക്കറി കൃഷി ചെയ്യാൻ ആവശ്യത്തിന് മണ്ണുണ്ട്, മനസാണ് ഉണ്ടാവേണ്ടത്. മുൻപ് നാം ഇക്കാര്യത്തിൽ സ്വയം പര്യാപ്തമായിരുന്നു. കഴിക്കുന്നവരുടെ എണ്ണം കൂടുകയും, ഉൽപ്പാദിപ്പിക്കുന്നവരുടെ എണ്ണം കുറയുകയും ചെയ്തതാണ് ഇതിന് കാരണം. നമ്മുടെ കുഞ്ഞുങ്ങളെയെങ്കിലും രോഗങ്ങളിൽ നിന്ന് മുക്തരാക്കാൻ വിഷരഹിതമായ കൃഷിരീതിയിലേക്ക് മാറേണ്ടതുണ്ടെന്നദ്ദേഹം കൂട്ടിച്ചേർത്തു. കാർഷികോൽപ്പാദന കമ്മീഷണർ ഇഷിത റോയ് ഐഎഎസ് ഓൺലൈനായി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഡയറക്ടർ ടി.വി.സുഭാഷ് ഐഎഎസ്, കേരള സംസ്ഥാന കാർഷികോൽപ്പാദന വില നിർണ്ണയ ബോർഡ് ചെയർമാൻ ഡോ.പി.കെ.രാജശേഖരൻ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ നോഡൽ ഓഫീസർ സാബിർഹുസൈൻ, ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ സുനിൽ കുമാർ, കണ്ണൂർ കൃഷി വിജ്ഞാൻ കേന്ദ്ര പ്രൊഫസർ ആന്റ് ഹെഡ് പി.ജയരാജ്, അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയുടെ അമ്പലവയൽ പ്രാദേശിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ട് റിസർച്ച് അജിത് കുമാർ.കെ, കോഴിക്കോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ ശശി പൊന്നണ, കോഴിക്കോട് ആത്മ പ്രൊജക്ട് ഡയറക്ടർ രമാദേവി.പി.ആർ, കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ സുരേഷ് നെൽസൺ, കണ്ണൂർ ആത്മ പ്രൊജക്ട് ഡയറക്ടർ ഷൈലജ.പി.വി, വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷേർലി.എ.എ, വയനാട് ആത്മ പ്രൊജക്ട് ഡയറക്ടർ സജിമോൾ.വി.കെ, നാലു ജില്ലകളിൽ നിന്നുള്ള കൃഷി വകുപ്പിലെ മറ്റു ഉദ്യോഗസ്ഥർ പങ്കെടുത്തു. കൃഷി അഡീഷണൽ ഡയറക്ടർമാരായ സുഷമ.എസ് സ്വാഗതവും ജോർജ്ജ് സെബാസ്‌റ്റ്യൻ നന്ദിയും പറഞ്ഞു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *