കോഴിക്കോട്; ഇംഹാൻസിന്റെ വളർച്ചക്ക് സർക്കാരിന്റെ ഭാഗത്ത് നിന്ന് സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ഭിന്നശേഷി സൗഹൃദ സമൂഹം വളർത്തിയെടുക്കുക എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. ഭിന്നശേഷിക്കാരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവർക്ക് തൊഴിൽപരമായ പരീലനം നൽകി സ്വയം പര്യാപ്തത കൈവരിക്കാൻ കൂട്ടായ ശ്രമം ഉണ്ടാകണം. ഇംഹാൻസിൽ റോട്ടറി ക്ലബ്ബ് സൗത്തിന്റെ സഹകരണത്തോടെ നിർമ്മിച്ച കളിമുറ്റം ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരായ കുട്ടികളോട് മാത്രമല്ല മുതിർന്നവരോടുമുള്ള സമൂഹത്തിന്റെ മനോഭാവം മാറണം. അവരുടെ അവസ്ഥ തിരിച്ചറിഞ്ഞ് ഒപ്പം നിർത്താൻ നമുക്കാകണം. ടൂറിസം, പൊതുമരാമത്ത് വകുപ്പുകളിൽ ഭിന്നശേഷി സൗഹൃദപരമായ നടപടികൾ കൈക്കൊള്ളും. ഇംഹാൻസിലെ സ്റ്റുഡൻസ് ഹോസ്റ്റൽ നിർമ്മാണത്തിന് 3 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൗത്ത് പ്രസിഡണ്ട് ടി.കെ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടീ കൗണ്ടറിന്റെ ഉൽഘാടനം എം.കെ.രാഘവൻ എം.പിയും സെയിൽസ് കൗണ്ടർ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയും ഉൽഘാടനം ചെയ്തു. ഇംഹാൻസ് ഡയറക്ടർ ഡോ.പി.കൃഷ്ണകുമാർ ആമുഖ പ്രഭാഷണം നടത്തി. ചിത്ര രചനാ മൽസര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. റോട്ടറി ക്ലബ്ബ് അസിസ്റ്റന്റ് ഗവർണർ ഡോ.പി.എൻ.അജിത, കൗൺസിലർ ഇ.എൻ.സോമൻ, റോട്ടറി ക്ലബ്ബ് സൗത്ത് സെക്രട്ടറി പ്രതീഷ് മേനോൻ ആശംസകൾ നേർന്നു. പ്രോഗ്രാം കമ്മറ്റി ചെയർമാൻ പി.സി.കെ.രാജൻ സ്വാഗതവും, ഇംഹാൻസ് പ്രോജക്ട് കോർഡിനേറ്റർ രേഷ്മ.ടി നന്ദിയും പറഞ്ഞു.