സംസ്ഥാനത്ത് കുടുംബശ്രീയുടെ 1069 വിഷു ചന്തകൾ

തിരുവനന്തപുരം: കേരളീയർക്ക് വിഷു സദ്യയൊരുക്കാൻ സംസ്ഥാനമൊട്ടാകെ 1069 കുടുംബശ്രീ സി.ഡി.എസുകളിലും വിഷു ചന്തകൾ ആരംഭിച്ചു. ഏപ്രിൽ 15വരെയാണ് കുടുംബശ്രീ വിഷു വിപണി. സാധാരണക്കാർക്ക് മിതമായ വിലയിൽ ഗുണമേൻമയുള്ള വിഷവിമുക്ത പച്ചക്കറികൾ ലഭ്യമാക്കുക എന്നതോടൊപ്പം കോവിഡ് കാല മാന്ദ്യത്തിൽ നിന്നും കുടുംബശ്രീ കർഷകർക്കും സംരംഭകർക്കും ഉൽപന്ന വിപണനത്തിനും വരുമാനവർദ്ധനവിനുമുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം.

കുടുംബശ്രീയുടെ കീഴിലുള്ള 74776 വനിതാ കാർഷിക സംഘങ്ങൾ ജൈവക്കൃഷി രീതിയിൽ ഉൽപാദിപ്പിച്ച വിഷരഹിത പച്ചക്കറികളും കൂടാതെ സൂക്ഷ്മസംരംഭകരുടെ ഉൽപന്നങ്ങളുമാണ് വിഷു ചന്തകളിലൂടെ വിൽക്കുന്നത്. കണിയൊരുക്കുന്നതിനുള്ള വെള്ളരി മുതൽ പാവയ്ക്ക, ചീര, വഴുതന, വെണ്ട, പച്ചമുളക്, മത്തങ്ങ, പയർ, കാന്താരി, മുരിങ്ങക്കായ്, തുടങ്ങിയ പച്ചക്കറികളും വൈവിധ്യമാർന്ന ഉപ്പേരികൾ. ധാന്യപ്പൊടികൾ, കറിപ്പൊടികൾ, ചമ്മന്തിപ്പൊടികൾ എന്നിവയും കുടുംബശ്രീ വിഷുവിപണിയിൽ ലഭിക്കും. ഇതോടൊപ്പം അതത് പ്രദേശത്ത് കുടുംബശ്രീ സൂക്ഷ്മ സംരംഭകർ ഉൽപാദിപ്പിക്കുന്ന വിവിധ ഭക്ഷ്യവസ്തുക്കളും മൂല്യവർധിത ഉൽപന്നങ്ങളും വാങ്ങാനാകും.

തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് വിഷു ചന്തകളുടെ സംഘാടനം. വിഷു വിപണിയിലേക്ക് പരമാവധി ഉൽപന്നങ്ങളെത്തിക്കാനുള്ള ചുമതല ഓരോ സി.ഡി.എസിലും രൂപീകരിച്ചിട്ടുള്ള സംഘാടക സമിതിക്കാണ്. വിപണന മേളയുടെ സുരക്ഷിതത്വം, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ എന്നിവയും ഈ സമിതി ഉറപ്പു വരുത്തും. മേളയിൽ എത്തുന്ന ഉൽപന്നങ്ങളുടെ അളവ്, കർഷകരുടെയും സംരംഭകരുടെയും പങ്കാളിത്തം എന്നിവ കൃത്യമായി വിലയിരുത്തുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങളും ഹരിതചട്ടവും ഉറപ്പു വരുത്തിയാകും വിപണന മേളകൾ സംഘടിപ്പിക്കുക.

 

Share

Leave a Reply

Your email address will not be published. Required fields are marked *