ക്ഷീര കർഷകർക്ക് മിൽമയുടെ മെഗാ വിഷുക്കൈനീട്ടം

ക്ഷീര കർഷകർക്ക് മിൽമയുടെ മെഗാ വിഷുക്കൈനീട്ടം

 

കോഴിക്കോട്: ക്ഷീര കർഷകർക്ക് മലബാർ മിൽമയുടെ മെഗാ വിഷുക്കൈനീട്ടം. മലബാറിലെ 1200 ക്ഷീര സംഘങ്ങളിലെ ക്ഷീര കർഷകർക്ക് അധിക പാൽ വിലയായി 14.8 കോടി രൂപയാണ് വിഷുക്കൈനീട്ടമായി മലബാർ മിൽമ നൽകുന്നത്. മാർച്ച് മാസം കർഷകർ നൽകിയ പാലിന് അധിക വിലയായി ഈ തുക നൽകും. മലബാർ മിൽമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ തുക വിഷുക്കാലത്ത് ക്ഷീര കർഷകർക്ക് നൽകുന്നതെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കോവിഡിനെ അതിജീവിച്ച് നാട് വീണ്ടും സജീവമാകുന്ന ഈ വേളയിൽ മിൽമ നൽകുന്ന സഹായം ക്ഷീരകർഷകർക്ക് ഏറെ ഗുണപ്രദമാകും. ഇന്ന് രാജ്യത്ത്് കർഷകർക്ക് ഏറ്റവും ഉയർന്ന പാൽ വില നൽകുന്ന സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയൽ സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് പാൽ സംഭരിച്ച് നമ്മുടെ വിപണിയിൽ എത്തിക്കുന്ന സ്വകാര്യ സംരഭർ ഇന്ന് ഏറെയുണ്ട്. കൂടുതൽ കമ്മീഷൻ നൽകി ഇവർ കച്ചവടക്കാരെ തങ്ങളുടെ ഉത്പ്പന്നങ്ങൾ വിറ്റഴിപ്പിക്കാനായി പ്രേരിപ്പിക്കുന്നു. പാലിന്റെ ഗുണമേന്മയും ജനങ്ങളിലെ വിശ്വാസവും വ്യാപാരികളുടെ പിന്തുണയും കാരണം മിൽമയ്ക്ക് ഈ വെല്ലുവിളികളെ അതിജീവിക്കാനാവുന്നുണ്ട്.കോവിഡ് പ്രതിസന്ധി കാലത്ത് പാൽ വിപണിയിൽ ഉണ്ടായ മാന്ദ്യം കാരണം ഏറ്റവും കടുത്ത വെല്ലുവിളി നേരിട്ട രാജ്യത്തെ തന്നെ ഏക മിൽക്ക് യൂണിയനാണ് മലബാർ മേഖലാ യൂണിയൻ. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ മൂന്നു കോടിയോളം ലിറ്റർ പാൽ വലിയ നഷ്ടം സഹിച്ച് പാൽപ്പൊടിയാക്കി മാറ്റേണ്ടി വന്നു മലബാർ യൂണിയന്. ഈയിനത്തിൽ മാത്രം 50 കോടിയോളം രൂപ നഷ്ടമുണ്ടായിട്ടുണ്ട്.
ഈ പ്രതിസന്ധികൾക്കിടയിലും കർഷകരിൽ നിന്ന് ഒരു ദിവസം പോലും പാൽ എടുക്കാതിരുന്നിട്ടില്ല. എടുക്കുന്ന പാലിന്റെ വില ഓരോ പത്ത് ദിവസം കൂടുമ്പോഴും കൃത്യമായി നൽകുകയും ചെയ്തിട്ടുണ്ട്. കർഷക ക്ഷേമ പ്രവർത്തനങ്ങളിലും മുടക്കം വരുത്തിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഇൻഷൂറൻസ് സ്‌കീമുകൾ, സബ്‌സിഡികൾ, വെറ്ററിനറി സഹായം, തീറ്റവസ്തുക്കളുടെ വിലക്കയറ്റത്തെ നേരിടാൻ ബദൽ സംവിധാനങ്ങൾ, ബിഎംസി പ്രവർത്തനങ്ങൾ, അധിക പാൽവില നൽകൽ എന്നിവ മുടങ്ങാതെ മിൽമ തുടരുകയാണ്.
മിൽമ ജീവനക്കാർ, സംഘം ജീവനക്കാർ, മിൽമ ഏജന്റുമാർ, ആർ.ഡി ഡീലർമാർ, വാഹന തൊഴിലാളികൾ തുടങ്ങി മിൽമയുമായി സഹകരിക്കുന്ന എല്ലാവരുടെയും കൂട്ടായ പ്രവർത്തനവും കേരള സർക്കാരിന്റെ അകമഴിഞ്ഞ പിന്തുണയുമാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ പിടിച്ചു നിൽക്കാനും തുടർന്ന് മുന്നേറാനും മിൽമക്ക് കരുത്തായത്. നിലവിൽ 100 കോടിയോളം രൂപ പ്രതിമാസം മലബാർ മിൽമ ക്ഷീര കർഷകർക്ക് പാൽവിലയായി നൽകുന്നുണ്ട്.

കോവിഡ് കാലത്ത് മാർക്കറ്റിംഗ് രംഗത്ത് കൊണ്ടുവന്ന വിപ്ലവകരമായ വിപണി വൈവിധ്യവത്ക്കരണം മിൽമയ്ക്ക് കരുത്തേകിയിട്ടുണ്ട്. കോവിഡ് ഭീതി മാറി വിപണി ഉണർന്നതോടെ പുതിയ ഉത്പ്പന്നങ്ങൾ വിപണിയിലേക്കെത്തിച്ചും നിലവിലുള്ള ഉത്പ്പന്നങ്ങളുടെ ലഭ്യത മാർക്കറ്റിൽ വർധിപ്പിച്ചും കൂടുതൽ കരുത്തോടെ മുന്നോട്ടു പോകാനുള്ള തയ്യാറെടുപ്പിലാണ് മിൽമ. ഇതിന്റെ ഭാഗമായി ചക്കപ്പായസം മിക്സ്, ബട്ടർ റസ്‌ക് എന്നിവ വിപണിയിലിറക്കുകയാണ്. റെഡി റ്റു ഈറ്റ് രൂപത്തിലുള്ള പനീർ ബട്ടർ മസാല ട്രയൽ മാർക്കറ്റിംഗ് തുടങ്ങി. വൈകാതെ ഈ ഉത്പ്പന്നവും വിപണിയിൽ എത്തുമെന്നും കെ.എസ്. മണി പറഞ്ഞു.വാർത്താ സമ്മേളനത്തിൽ മലബാർ മിൽമ മാനേജിംഗ് ഡയറക്ടർ ഡോ. പി.മുരളി, ജനറൽ മാനെജർമാരായ കെ.സി. ജെയിസ്, എൻ.കെ. പ്രേംലാൽ, എം.ആർ.ഡി.എഫ് സിഇഒ ജോർജ്ജ് കുട്ടി ജേക്കബ് എന്നിവർ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *