കോഴിക്കോട്: ഇന്ത്യൻ റുമറ്റോളജി അസോസിയേഷന്റെ നേതൃത്വത്തിൽ ഏപ്രിൽ 1 മുതൽ 30 വരെ വാതരോഗ ബോധവൽക്കരണ മാസമായി ആചരിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ഡോ.രമേഷ് ഭാസിയും സെക്രട്ടറി എൻ.വി.ജയചന്ദ്രനും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി ഐ ആർ എ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വിവിധങ്ങളായ പരിപാടികൾ നടത്തും. വാർദ്ധക്യവുമായി ബന്ധപ്പെട്ട സ്വാഭാവിക രോഗാവസ്ഥ മാത്രമാണ് വാതരോഗങ്ങൾ എന്ന ധാരണ തിരുത്തപ്പെടണം. ഏത് പ്രായക്കാരെയും ബാധിക്കാവുന്നതും വിജയകരമായി ചികിത്സിച്ച് മാറ്റാവുന്നതുമാണ് വാത രോഗങ്ങൾ. നേരത്തെ കണ്ട്പിടിച്ച് ചികിത്സിച്ചില്ലെങ്കിൽ ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുകയും ജീവിത ദൈർഘ്യം കുറയ്ക്കാനും രോഗാവസ്ഥ കാരണമാകും. റുമറ്റോളജിയിൽ സമീപകാലത്തുണ്ടായ പുരോഗതി രോഗം ഭേദമാക്കുന്നതിൽ വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. ഇൻഷൂറൻസ് മേഖലയിൽ വാതരോഗങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കാതെ പോകുന്നുണ്ട്. ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്കുള്ള പല പദ്ധതികളിലും വാതരോഗവുമായി ബന്ധപ്പെട്ട വേർതിരിവുകൾ നിലനിൽക്കുകയാണ്. സർക്കാർ ആരോഗ്യ നയരൂപീകരണങ്ങൾ നടത്തുന്നവർ റുമറ്റോളജിയുടെ മുൻഗണനകളെക്കുറിച്ച് മനസ്സിലാക്കണമെന്ന് ഇരുവരും അഭ്യർത്ഥിച്ചു.ക്യാമ്പയിനോടനുബന്ധിച്ച് ബോധവൽക്കരണ ക്യാമ്പുകൾ, ചികിത്സാ ക്യാമ്പുകളും സംഘടിപ്പിക്കും.