കോഴിക്കോട്: 1930ൽ മഹാത്മജി നേതൃത്വം നൽകിയ ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായി കേരള ഗാന്ധി കെ.കേളപ്പൻ, കോഴിക്കോട് നിന്ന് പയ്യന്നൂരിലേക്ക് നടത്തിയ ഉപ്പുസത്യാഗ്രഹ യാത്രയുടെ ഓർമ്മയ്ക്കായി ഏപ്രിൽ 10 മുതൽ 23 വരെ സ്മൃതിയാത്ര നടത്തുമന്നെ് സ്വാതന്ത്ര്യത്തിന്റെ 75-ാം അമൃത്മഹോത്സവം സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 10ന് വൈകിട്ട് 4 മണിക്ക് മുതലക്കുളം മൈതാനിയിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉൽഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ പ്രഭാകരൻ പാലേരി അദ്ധ്യക്ഷത വഹിക്കും. 11,12 തിയതികളിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതി കേന്ദ്രങ്ങളിലൂടെ പ്രയാണം നടക്കും. കെ.പി.കേശവമേനോന്റെ ശവകുടീരത്തിൽ 12ന് വൈകിട്ട് 5 മണിക്ക് സ്വാതന്ത്ര്യ സ്മൃതിജ്യോതി സംഗമം നടക്കും. 13ന് തളി ക്ഷേത്ര പരിസരത്ത് നിന്നാരംഭിക്കുന്ന യാത്ര 42 കി.മീ സഞ്ചരിച്ച് 23ന് പയ്യന്നൂരിൽ സമാപിക്കും. 15ന് കേളപ്പജിയുടെ ഒതയോത്ത് വീട്ടിൽ വിഷുസദ്യ ഒരുക്കും. 17ന് മാഹിയിലെ സമ്മേളനം പോണ്ടിച്ചേരി സ്പീക്കർ ആർ.ശെൽവം ഉൽഘാടനം ചെയ്യും. പയ്യന്നൂർ ഉണിയത്ത് കടവിൽ ഉപ്പുകുറുക്കൽ പുനരാവിഷ്‌ക്കരിച്ച് ഗാന്ധി പാർക്കിൽ സമാപിക്കും. വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനർ അനൂപ് കുന്നത്ത്, ഇ.സി.അനന്ത കൃഷ്ണൻ ജോയിന്റ് കൺവീനർ, ടി.വിജയൻ മീഡിയ കൺവീനർ പങ്കെടുത്തു.