കോട്ടക്കൽ: കോട്ടക്കൽ ആര്യവൈദ്യശാലയുടെ അർബുദ ഗവേഷണങ്ങൾക്കു കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരം. ആര്യവൈദ്യശാലയുടെ ചാരിറ്റബിൾ ആശുപത്രിയിൽ പ്രവർത്തിച്ചു വരുന്ന കാൻസർ ക്ലിനിക്കിൽ ഉപയോഗിക്കുന്ന തിരഞ്ഞെടുത്ത മരുന്നുകളെ ശാസ്ത്രീയമായി പഠനവിധേയമാക്കാനുള്ള പദ്ധതിക്കാണ് ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചത്. ആര്യവൈദ്യശാല ക്ലിനിക്കൽ റിസർച്ച് ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ.പി.ആർ.രമേശ്, ആര്യവൈദ്യശാല ഔഷധ സസ്യ ഗവേഷണ കേന്ദ്രത്തിലെ സീനിയർ സയന്റിസ്റ്റ് ഡോ.സി.ടി.സുലൈമാൻ, ക്ലിനിക്കൽ റിസർച്ച് സീനിയർ ഫിസിഷ്യൻ ഡോ.കെ.മഹേഷ്, കാൻസർ ക്ലിനിക്കിലെ സീനിയർ ഫിസിഷ്യൻ ഡോ.എം.പ്രവീൺ, പ്രൊഡക്ട് ഡവലപ്‌മെന്റ് വിഭാഗം മേധാവി ഡോ.ഇ.എം.ആനന്ദൻ എന്നിവരുടെ നേതൃത്വത്തിലാണ് പഠനങ്ങൾ നടത്തുന്നത്. ശ്വാസകോശ അർബുദ രോഗികളിൽ തിരഞ്ഞെടുത്ത ആയൂർവേദ മരുന്നുകളുടെ ഫലപ്രാപ്തി രാസഘടനാപരവും, ജൈവപരവും, ക്ലിനിക്കൽ പഠനവും വഴി ശാസ്ത്രീയമായി തെളിയിക്കാനുള്ള പദ്ധതിക്കാണ് രൂപം നൽകിയിരിക്കുന്നതെന്ന് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ.പി.ആർ.രമേശ് പറഞ്ഞു. പുതിയതായി ആരംഭിക്കുന്ന ഈ പ്രൊജക്ടിലേക്ക് താഴെപ്പറയുന്ന ഒഴിവുകളിൽ അപേക്ഷ ക്ഷണിക്കുന്നു.
1. മെഡിക്കൽ കൺസൾട്ടന്റ്, 2.ജൂനിയർ റിസർച്ച് ഫെല്ലോ, 3. ടെക്‌നിക്കൽ അസിസ്റ്റന്റ്
വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.zryzvaidyasala.com, www.cmpr-avs.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഏപ്രിൽ 28,2022.