സ്മാർട്ട് സോളാർ സ്റ്റൗവുമായി എൻ ഐ ടി സി ഗവേഷകർ

സ്മാർട്ട് സോളാർ സ്റ്റൗവുമായി എൻ ഐ ടി സി ഗവേഷകർ

കോഴിക്കോട്:എൽപിജി വില കുതിച്ചുയരുകയും പാചകത്തിനു വേണ്ടിയുള്ള വൈദ്യുതിയുടെ ഉപയോഗം ലാഭകരമല്ലാതാകുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിലെ (എൻഐടിസി) ഗവേഷകർ വികസിപ്പിച്ചെടുത്ത, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് സ്റ്റൗ ശ്രദ്ധേയമാകുന്നു.
ഒരു മികച്ച ബദൽ പാചക സംവിധാനമായ സ്മാർട്ട് സോളാർ സ്റ്റൗ കോഴിക്കോട് എൻഐടി ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഗവേഷകർ വികസിപ്പിച്ച് വിജയകരമായി പരീക്ഷിച്ചത്. വിവിധ ഉപഭോക്താക്കൾക്കുള്ള ശുദ്ധമായ പാചക സംവിധാനമാണിത്. എൻഐടിസി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ കാമ്പസിൽ ഉൽപ്പന്നം പുറത്തിറക്കി. ഇത് പ്രവർത്തന ചിലവില്ലാത്തതും ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും ആണ്. കോഴിക്കോട് എൻഐടി ഇൻഡസ്ട്രിയൽ പവർ റിസർച്ച് ലബോറട്ടറികളിൽ ഉൽപ്പന്നത്തിന്റെ പ്രവർത്തനം വിലയിരുത്തി. പ്രായോഗിക സാധ്യത പരിശോധിക്കുന്നതിനായി വീടുകളിലും റോഡരികിലെ തട്ടുകടകളിലും വിവിധ സ്ഥലങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ ഇത് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ മിതമായ നിരക്കിൽ വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറായിട്ടുണ്ട്.
സോളാർ സ്റ്റൗവിന്റെ 2 മോഡലുകളുണ്ട്. ഒരേ സമയം സൗരോർജ്ജത്തിലും ബാറ്ററിയിൽ ശേഖരിക്കുന്ന വൈദ്യുതി ഉപയോഗിച്ചും പ്രവർത്തിപ്പിക്കാൻ കഴിയും. 1.സിംഗിൾ, ഡബിൾ സ്റ്റൗ ഉൽപ്പന്നങ്ങൾ വൈദ്യുത വിതരണമില്ലാതെ നേരിട്ട് സൂര്യനു കീഴിൽ ഉപയോഗിക്കാം. തട്ടുകടകളിൽ എല്ലാതരം പാചക ആവശ്യങ്ങൾക്കും ഈ ഉൽപ്പന്നം ഉപയോഗിക്കാം. തട്ടുകടയുടെ മേൽക്കൂരക്ക് മുകളിൽ സോളാർ പാനൽ സൂക്ഷിക്കുന്നു. വൈദ്യുതി ഇല്ലാത്ത സ്ഥലങ്ങളിൽ മതിയായ പ്രകാശം ലഭിക്കുന്നതിന് ഒരു എൽഇഡി വിളക്ക് ബന്ധിപ്പിക്കാനുള്ള സംവിധാനവും ഉണ്ട്. 2. വെയിൽ ഇല്ലാത്ത സമയങ്ങളിൽ പാചക സമയം നീട്ടുന്നതിന് കൺട്രോൾ യൂണിറ്റിനൊപ്പം ഒരു ബാറ്ററിയും ഉൾപ്പെടുത്താം.
കേന്ദ്ര ബയോടെക്‌നോളജി വിഭാഗത്തിന്റെ ധന സഹായത്തോടെ എൻഐടി കാലിക്കറ്റിലെ പ്രൊഫ.അശോക്.എസ്, ഡോ.കാർത്തികേയൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്റ്റൗ വികസിപ്പിച്ചത്. സ്റ്റൗവിന്റെ വാണിജ്യാടിസ്ഥാനത്തിലെ നിർമ്മാണത്തിനുള്ള സാങ്കേതിക വിദ്യ കൈമാറുന്നതിന് വിവിധ വ്യവസായ സ്ഥാപനങ്ങൾ സമീപിച്ചതായി അവർ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *