കോഴിക്കോട്: പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്ന് മത പരിവർത്തനം ചെയ്തവർക്ക് പട്ടികവർഗ്ഗ സംവരണ ആനുകൂല്യം നൽകരുതെന്ന് ഗോത്രാവകാശ സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ജനജാതി സുരക്ഷാ മഞ്ച് ദേശ വ്യാപകമായി നടത്തിവരുന്ന ജനസമ്പർക്ക യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ എം.പി.മാർക്കും പത്രിക നൽകിയിട്ടുണ്ട്. മതം മാറുന്നതോടെ പട്ടികയിൽ നിന്ന് സ്വാഭാവികമായി നീക്കം ചെയ്യുന്ന രീതിയിലുള്ള നിയമം നിലവിൽ വന്നാലേ സംവരണാനുകൂല്യം തട്ടിയെടുക്കപ്പെടുന്നത് അവസാനിക്കൂവെന്നവർ പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ പട്ടിക വർഗ്ഗ സംവരണ സീറ്റിൽ മതംമാറിയ വ്യക്തികൾക്ക് സീറ്റ് നൽകാതിരിക്കുക, കേരളത്തിലെ പി.എസ്.സി സംവരണ നിയമത്തിൽ അട്ടിമറിക്കപ്പെടുന്ന സീറ്റുകളെക്കുറിച്ച് പരിശോധിക്കുക എന്നീ ആവശ്യങ്ങളവരുന്നയിച്ചു. നരിക്കോടൻ സുശാന്ത്(ഗോത്ര അവകാശ സംരക്ഷണ സമിതി സംസ്ഥാന സംയോജകൻ), കെ.രാധാകൃഷ്ണൻ(ഗോത്ര അവകാശ സംരക്ഷണ സമിതി സംസ്ഥാന സമിതിയംഗം), കെ.നാരായണൻ (ജനജാതി സുരക്ഷാമിഷൻ), പ്രേം സായി ഗോത്ര അവകാശ സംരക്ഷണ സമിതി സംസ്ഥാന സമിതിയംഗം) എന്നിവർ പങ്കെടുത്തു.