കോഴിക്കോട്: കേരളത്തിൽ മാവോവാദി വേട്ട എന്ന പേരിൽ നടന്ന എട്ട് വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി ദേശീയ ജന.സെക്രട്ടറി റെനി ഐലിനും സംസ്ഥാന പ്രസിഡണ്ട് അഡ്വ.കെ.സുധാകരനും വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിലമ്പൂർ വനത്തിൽ അജിത കുപ്പുരാജ്, വയനാട്ടിൽ സി.പി.ജലീൽ, പാലക്കാട് മഞ്ചക്കണ്ടി വനത്തിൽ മണിവാസകം, ശ്രീമതി, സുരേഷ്, കാർത്തിക്, പടിഞ്ഞാറത്തറയിൽ വേൽമുരുകനും കൊല്ലപ്പെട്ടിരുന്നു. രേഗികളായവരെയും കീഴടങ്ങാൻ സന്നദ്ധരായവരെയും കേന്ദ്ര ഫണ്ട് ലഭിക്കാൻ വേണ്ടിയാണ് കൊലപ്പെടുത്തിയതെന്ന് അവർ ആരോപിച്ചു. മാവോ വാദി വേട്ടക്ക് 6.67 കോടി രൂപ സംസ്ഥാനത്തിന് കേന്ദ്രം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ തുക നേടാനാണ് വ്യാജ ഏറ്റുമുട്ടലുകളുണ്ടാക്കി ആളുകളെ വധിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി.