കോഴിക്കോട്: ഫോട്ടോഗ്രാഫി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വേണ്ടിയുള്ള സംഘടന സെന്റർ ഓർഗനൈസേഷൻ ഓഫ് ക്യാമറ ആർട്ടിസ്റ്റ് (സി ഒ സി എ) പ്രവർത്തനം ആരംഭിച്ചു. കോഴിക്കോട് എസ് കെ പൊറ്റക്കാട് സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സിറ്റി പൊലീസ് അസി. കമ്മീഷണർ പ്രകാശ് പടന്നയിൽ മുഖ്യാതിഥിയായി. സംഘടനയുടെ ഐ ഡി കാർഡ് വിതരണം പ്രകാശ് പടന്നയിൽ നിർവ്വഹിച്ചു. സി ഒ സി എ പ്രസിഡന്റ് ബബിലേഷ് പെപ്പർലൈറ്റ് അധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനവും ചടങ്ങിൽ നിർവ്വഹിച്ചു. ജില്ലയിലെ മുതിർന്ന ഫോട്ടോഗ്രാഫറായ ശശിധരൻ വടകരയെ ചടങ്ങിൽ സുനിൽ ഇൻഫയിം പൊന്നാടയണിയിച്ച് ആദരിച്ചു. ‘സാറ’ എന്ന ഹ്രസ്വചിത്രത്തിലൂടെ സംസ്ഥാന അവാർഡ് നേടിയ ബബീഷ് കക്കോടിക്ക് ദേശീയ ചലച്ചിത്ര അവാർഡ് ജേതാവും ഓസ്‌കാർ ജൂറിയംഗവുമായ സംവിധായകൻ പാമ്പള്ളി ഉപഹാരം നൽകി അനുമോദിച്ചു. കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും ബി എസ് സി ഫുഡ് ടെക്‌നോളജിയിൽ നാലാം റാങ്ക് നേടിയ വിശ്വൻ ശാരികയുടെ മകൾ ശാരികയ്ക്കും സംഘടനയുടെ ലോഗോ രൂപകൽപന ചെയ്ത ആർട്ടിസ്റ്റ് ജോഷി പേരാമ്പ്രയ്ക്കും ചിത്രകാരൻ മദനൻ ഉപഹാരം നൽകി. ഫോട്ടോഗ്രാഫർ സുനിൽ ഇൻഫ്രയിം, മുരളീധരൻ മംഗലോളി, വിശ്വൻ ശാരിക, കെ വി ത്രിപുദാസ്, സി കെ സുരേഷ്ബാബു, വേണു കല്ലാച്ചി ആശംസ നേർന്നു. സി ഒ സി എ ജനറൽ സെക്രട്ടറി വിജിൻ വാവാസ് സ്വാഗതവും ഹരിസ് പെപ്പർലൈറ്റ് നന്ദിയും പറഞ്ഞു.