കോഴിക്കോട്: അടിക്കടിയുണ്ടാകുന്ന അനിയന്ത്രിതമായ പാചകവാതക വിലവർധനവിലും അവശ്യസാധന വിലവർധനവിലും പ്രതിഷേധിച്ച് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. നഗരത്തിലെ നൂറുകണക്കായ ഹോട്ടൽവ്യാപാരികൾ പ്രതിഷേധ മാർച്ചിൽ പങ്കാളികളായി. കോവിഡ് കാലമുണ്ടാക്കിയ തീരാ ദുരിതത്തിൽ നിന്നും കരകയറിവരുന്ന സാഹചര്യത്തിൽ പാചകവാതകത്തിന്റേയും അവശ്യ സാധനങ്ങളുടേയും വിലവർധനവ് താങ്ങാനാവാത്തതാണ്. ഇങ്ങനെ മുന്നോട്ട് പാവുകയാണെങ്കിൽ ഈ മേഖല പൂർണമായും അടച്ചിടേണ്ടിവരുമെന്ന് ജില്ലാ സെക്രട്ടറി യു.എസ്.സന്തോഷ് കുമാർ പറഞ്ഞു. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടുന്നില്ലെങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികളിലേക്ക് സംഘടന നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധ പരിപാടി സംസ്ഥാന സെക്രട്ടറി എൻ.സുഗുണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രൂപേഷ് കോളിയോട്ട് അധ്യക്ഷത വഹിച്ചു. പ്രകടനത്തിന് ഹുമയൂൺ കബീർ, പവിത്രൻ കുറ്റ്യാടി, ഇക്ബാൽ ചാംപ്യൻ, ശക്തിധരൻ, ഷിൽഹാദ്, നിഷാൽ നേതൃത്വം നൽകി.