കോഴിക്കോട്: ആഗോള ജനതക്കൊപ്പം പുണ്യമാസമായ റമളാനെ വരവേൽക്കാൻ മർകസും രാജ്യമെമ്പാടുമുള്ള മർകസ് സ്ഥാപനങ്ങളും ഒരുങ്ങി. മർകസിന്റെ റമളാൻ കാമ്പയിൻ ‘മർകസുൽ അമൽ 2022’ന്റെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി, മർകസ് വൈസ് ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, മർകസ് സീനിയർ പ്രൊഫസർ കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, മർകസ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തന്നൂർ ചേർന്ന് നിർവ്വഹിച്ചു. ആത്മീയ സംഗമങ്ങൾ, ഇഫ്താർ മീറ്റ്, വനിതാ പഠന ക്ളാസുകൾ, ഖുർആൻ പഠന ക്ളാസുകൾ, പ്രഭാഷണങ്ങൾ, റമളാൻ 25-ാം രാവിൽ മർകസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ വാർഷിക റമളാൻ പ്രഭാഷണം തുടങ്ങിയ നിരവധി പരിപാടികൾ കാമ്പയിനോടനുബന്ധിച്ച് നടത്തും. കേരളത്തിന് പുറത്തും വിദേശത്തുമുള്ള മർകസ് സ്ഥാപനങ്ങളും കാമ്പയിന്റെ ഭാഗമാകും. റമളാൻ മർകസിനൊപ്പം ലോകത്തിനൊപ്പം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.