കോഴിക്കോട്: പ്രകടന പരതയില്ലാത്ത പച്ചയായ മനുഷ്യനും, ലളിത ജീവിതവും, കഠിനാധ്വാനിയും താൻ വിശ്വസിച്ച പ്രത്യയ ശാസ്ത്രത്തിൽ സമർപ്പിത വ്യക്തിത്വവുമായിരുന്നു അന്തരിച്ച മുൻ ഡിസിസി പ്രസിഡണ്ട് രാജീവൻ മാസ്റ്ററെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പ്രതിസന്ധിഘട്ടത്തിൽ ജില്ലയിലെ കോൺഗ്രസ്സ് പ്രവർത്തകരെ ചേർത്ത് നിർത്തിയ നേതാവാണദ്ദേഹം. കോൺഗ്രസ്സ് പ്രസ്ഥാനത്തിന് മഹാൻമാരായ നേതാക്കളായ കേളപ്പജിയെയും, സി.കെ.ഗോവിന്ദൻ നായരെയും സംഭാവന ചെയ്ത നാടാണ് കൊയിലാണ്ടി. കോൺഗ്രസ്സിന് മാതൃകാപരമായ പ്രദേശം കൂടിയാണ് കൊയിലാണ്ടി. കൊയിലാണ്ടിയിലെ പൊതു സമൂഹത്തിൽ സർവ്വരാലും സ്‌നേഹിക്കപ്പെടുന്ന വ്യക്തിത്വമായി മാറിയ രാജീവൻ മാസ്റ്ററുടെ ജീവിതം യുവതലമുറ പഠിക്കേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. ടി.സിദ്ദീക്ക് എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. മഠത്തിൽ നാണു അനുശോചന പ്രമേയം അവതരിപ്പിച്ചു. മനയത്ത് ചന്ദ്രൻ(എൽജെഡി), എം നാരായണൻ(സിപിഐ), വി.ബാബുരാജ്(ഫോർവേഡ് ബ്ലോക്ക്), പി.എം.ജോർജ്ജ്(കോരള കോൺഗ്രസ്സ്), കെ.സി.അബു, എൻ.സുബ്രഹ്മണ്യൻ, കെ.ജയന്ത്, പി.എം.നിയാസ്, പി.എം.അബ്ദുറഹിമാൻ, രാജേഷ് കീഴരിയൂർ, നദീർ കാപ്പാട് പ്രസംഗിച്ചു.