കോഴിക്കോട്: ആഗോളതാപനവും അന്തരീക്ഷമലിനീകരണവും കുറയ്ക്കാൻ വേൾഡ് വൈഡ് ഫണ്ട് ആചരിച്ച ഭൗമമണിക്കൂർ വ്യത്യസ്തമായി ഉപയോഗപെടുത്തി യു എൽ സ്‌പേസ് ക്ലബ് സ്‌കൈ സഫാരി.കോഴിക്കോട് ആസ്ഥാനമായി യുഎൽസിസിഎസിനുകീഴിൽ പ്രവർത്തിക്കുന്ന യു എൽ സ്‌പേസ് ക്ലബ്ബിന്റെ അമച്വർ വാനനിരീക്ഷണ കൂട്ടായ്മ ആയ സ്‌കൈസഫാരി എല്ലാ വൈദ്യുതിദീപങ്ങളും കെടുത്തുന്ന സന്ദർഭം ഉപയോഗപ്പെടുത്തി ‘ഭൗമ-മണിക്കൂർ ആകാശം തൽസമയം’എന്ന പരിപാടി സംഘടിപ്പിച്ചു. അന്തരീക്ഷ വെളിച്ചത്തിന്റെ ബുദ്ധിമുട്ടില്ലാതെ വ്യക്തതതോടെ ആകാശഗോളങ്ങൾ കാണാൻ കിട്ടുന്ന അപൂർവ്വാവസരമാണ് ഒരു മണിക്കൂർ നീളമുള്ള ഭൗമ മണിക്കൂർ.
ശനിയാഴ്ച രാത്രി 8:30 മുതൽ 9:30 വരെയായിരുന്നു പരിപാടി. ഐ എസ് ആർ ഒ മുൻ ഡയറക്ടറും, യു എൽ സ്‌പേസ് ക്ലബ് സ്ഥാപകനുമായ ഇ കെ കുട്ടി ഉദ്ഘാടനം ചെയ്തു. അമച്വർ വാനനിരീക്ഷകൻ സുരേന്ദ്രൻ പുന്നശ്ശേരി ആകാശകൗതുകങ്ങൾ വിശദീകരിച്ചു. കോഴിക്കോട് സർവ്വകലാശാല ഫിസിക്‌സ് വിഭാഗത്തിലെ പ്രൊഫസർ മുഹമ്മദ് ഷാഹിൻ തയ്യിൽ, ബാലുശ്ശേരി ഗവണ്മെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകൻ ഷജിൽ യു കെ എന്നിവർ സംസാരിച്ചു. യു എൽ സ്‌പേസ് ക്ലബ് സ്റ്റുഡന്റ് ലീഡ് കെ. വരുൺ സ്വാഗതവും സ്‌കൈ സഫാരി കോർഡിനേറ്റർ മാനസ കൃഷ്ണൻ നന്ദി പറഞ്ഞു.