കോഴിക്കോട്: ആശുപത്രികൾക്കെതിരെയും, ഡോക്ടർമാർക്കും, നഴ്‌സമാർക്കും, ജീവനക്കാർക്കുമെതിരെയും തുടർച്ചയായി ആക്രമണങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡണ്ട് സാമുവൽ കോശി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രണ്ട് വർഷത്തിനിടയിൽ വനിത ഡോക്ടർമാരടക്കം 100ലധികം ഡോക്ടർമാരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമിക്കപ്പെട്ടത്. ചെറുതും, ഇടത്തരവുമായ ആശുപത്രികളെ പ്രതികൂലമായി ബാധിക്കുന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം ഭേദഗതി ചെയ്യണം. ആധുനിക വൈദ്യശാസ്ത മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് കൈക്കൊള്ളുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞക്ക് പകരം ചരക പ്രതിജ്ഞ നടപ്പാക്കാനുള്ള നടപടി അവസാനിപ്പിക്കണമെന്നദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് ഭീഷണി പൂർണ്ണമായി മാറിയിട്ടില്ലെന്നും, മാസ്‌ക് ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഡോ.ജോസഫ് ബെനവൻ, ഡോ.ശങ്കർ മഹാദേവൻ പങ്കെടുത്തു.