കോഴിക്കോട്: ജില്ലയിലെ പതിനായിരത്തിലധികം വരുന്ന ചുമട്ട് തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കാൻ നടപടിയുണ്ടാകണമെന്ന് കോഴിക്കോട് ജില്ല ചുമട്ട് തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ചില കേന്ദ്രങ്ങളിൽ തൊഴിലുടമകൾ നിലവിൽ തൊഴിലാളികൾ ചെയ്തുവരുന്ന ജോലി അന്യായമായി നിഷേധിക്കുന്നുണ്ട്. തൊഴിൽ പ്രശ്‌നങ്ങൾ ഉടലെടുക്കുന്ന തരത്തിൽ തൊഴിൽ വകുപ്പ് ഉദ്യാഗസ്ഥർ ലേബർ കാർഡുകൾ അനുവദിച്ച് തൊഴിലുടമകളെ അതിര് വിട്ട് സഹായിക്കുന്നത് അവസാനിപ്പിക്കണം. ജില്ലയിൽ നോക്ക്കൂലി സംബന്ധിച്ച് പരാതികളില്ല. കൂലിപ്പട്ടിക അനുസരിച്ചാണ് തൊഴിലാളികൾ കൂലിവാങ്ങുന്നത്. അനധികൃതമായി അനുവദിച്ച ലേബർ കാർഡുകൾ റദ്ദാക്കുക, യന്ത്രവൽക്കരണം മൂലം നഷ്ടപ്പെടുന്ന തൊഴിൽ നഷ്ടത്തിന് പരിഹാരം കാണുക, മുഴുവൻ ചുമട്ട് തൊഴിലാളികളെയും ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്യുക, ചുമട്ട് തൊഴിലാളി നിയമം കാലോചിതമായി പരിഷ്‌കരിക്കണം. തൊഴിൽ മേഖലയിൽ പ്രശ്‌നം ഉണ്ടാകുമ്പോൾ യൂണിയൻ നേതൃത്വം ഇടപെടുന്നുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങൾക്ക് അമിത പ്രാധാന്യം കൊടുത്താൽ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്നവർ പറഞ്ഞു. ചുമട്ട് തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കാൻ ശക്തമായ പ്രതിരോധനിര കെട്ടിപ്പടുക്കും. പി.നിഖിൽ സിഐടിയു, എം.പി.ജനാർദ്ദനൻ ഐഎൻടിയുസി, പി.പി.മോഹനൻ എഐടിയുസി, എ.ടി.അബ്ദു എസ്ടിയു, പി.പരമേശ്വരൻ ബിഎംഎസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.