കോഴിക്കോട്: മാധവിക്കുട്ടി വാരിയർ നവോത്ഥാന ചിന്തകളെ ആവാഹിച്ച കവയിത്രിയാണെന്നും, പാരമ്പര്യ രീതിയിൽ ഭാവാവിഷ്‌കാരം കവിതകളുടെ പ്രത്യേകതയാണെന്നും പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി പറഞ്ഞു. ഡോ.പി.കെ.വാരിയരുടെ ഓർമ്മകൾക്ക് ആക്ഷര പ്രണാമമായി അദ്ദേഹത്തിന്റെ പത്‌നി പരേതയായ മാധവിക്കുട്ടി കെ.വാരിയരുടെ കാവ്യ സമാഹാരമായ പ്രതിഷ്ഠ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കവയിത്രി വി.എം.ഗിരിജ പുസ്തകം ഏറ്റുവാങ്ങി.
ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി പി.എം.വാരിയർ അധ്യക്ഷത വഹിച്ചു. ചീഫ് എക്‌സക്യൂട്ടീവ് ഓഫീസർ ഡോ.ജി.സി.ഗോപാലപ്പിള്ള ആമുഖ ഭാഷണം നടത്തി. ഡോ.കെ.ജി.പൗലോസ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ഡോ.പി.കെ.വാരിയർ അനുസ്മരണ പുസ്തകാവലിയുടെ ഉൽഘാടനം ഡോ.എം.ആർ രാഘവ വാരിയർ നിർവ്വഹിച്ചു. ഞായത്ത് ബാലൻ പുസ്തക പരിചയം നടത്തി. ഡോ.ടി.എസ് മാധവൻകുട്ടി കവിതകളെക്കുറിച്ച് സംസാരിച്ചു. മാധവിക്കുട്ടി.കെ വാരിയരുടെ കവിതകളുടെ ആലാപനം ഡോ.കെ.വി.രാജഗോപാലൻ, ഡോ.എ.ആർ.സന്തോഷ്, ദീപാ രാംകുമാർ വാരിയർ, കെ.എം.രാധ, പി.എസ്.രാഖി, കോട്ടയ്ക്കൽ സന്തോഷ്, യു.പി.രോഹിണി എന്നിവർ നിർവ്വഹിച്ചു. മാധവിക്കുട്ടി.കെ വാരിയരുടെ മകനും അഡീഷണൽ ചീഫ് ഫിസിഷ്യനുമായ ഡോ.കെ.ബാലചന്ദ്രൻ, പബ്ലിക്കേഷൻ വിഭാഗം ചീഫ് എഡിറ്റർ ഡോ.കെ.മുരളി സംസാരിച്ചു.