കോഴിക്കോട്: കോഴിക്കോടിനെ മ്യൂസിയ നഗരമാക്കി വളർത്തുമെന്ന് മ്യൂസിയം-പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കാരശ്ശേരി സഹകരണ ബാങ്ക് 150 കോടി രൂപ ചിലവിൽ കോഴിക്കോട്ട് നിർമ്മിക്കുന്ന ഏഷ്യയിലെ ആദ്യത്തെ രാജ്യാന്തര സഹകരണ മ്യൂസിയത്തിന്റെ ഓഫീസ് ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിന്റെ ഗതിവിഗതികൾ അടയാളപ്പെടുത്തുന്ന മ്യൂസിയം വിദ്യാർത്ഥികൾക്കും, ഗവേഷകർക്കും, ഭാവി തലമുറക്കും വലിയ മുതൽക്കൂട്ടാകും. സംസ്ഥാനത്തിന്റെ സമസ്ത മേഖലകളിലും സഹകരണ മേഖല വലിയ പങ്കാണ് വഹിക്കുന്നത്. എല്ലാ ജില്ലകളിലും പൈതൃക മ്യൂസിയങ്ങൾ സ്ഥാപിക്കും. വി.കെ.കൃഷ്ണ മേനോൻ മ്യൂസിയവും, മൊയ്തു മൗലവി മ്യൂസിയവും നവീകരിക്കും.
ജില്ലാ പൈതൃക മ്യൂസിയം പഴയ കോർപ്പറേഷൻ ഓഫീസ് കെട്ടിടത്തിലാണ് സ്ഥാപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ
രമേശൻ പാലേരി അധ്യക്ഷത വഹിച്ചു. ബാങ്ക് ചെയർമാൻ എൻ.കെ.അബ്ദുൽ റഹ്മാൻ സ്വാഗതവും, സെക്രട്ടറി എം.ധനീഷ് നന്ദിയും പറഞ്ഞു.