കോഴിക്കോട്: വെസ്റ്റ് നടക്കാവിൽ കണ്ണൂർ റോഡിൽ ഇംഗ്ലീഷ് പള്ളിക്ക് സമീപം അനധികൃതമായി റോഡരികിൽ കച്ചവടം ചെയ്യുന്ന ഉന്തുവണ്ടി കച്ചവടം ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെസ്റ്റ് നടക്കാവ് യൂണിറ്റ് ജനറൽ ബോഡിയോഗം അധികൃതരോടാവശ്യപ്പെട്ടു. കച്ചവടം തടസ്സപ്പെടുകയും വാഹനങ്ങൾക്കും, വഴിയാത്രക്കാർക്കും ഉന്തുവണ്ടി കച്ചവടം കാരണം വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. സ്‌കൂൾ കുട്ടികൾക്ക് ബസ്സ് കാത്ത് നിൽക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. ഹൈക്കോടതി വിധി നിലനിൽക്കെ ഉന്തുവണ്ടി മാഫിയക്ക് കോർപ്പറേഷൻ അധികാരികളും പോലീസുദ്യോഗസ്ഥരും ഒത്താശ ചെയ്യുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. കഴിഞ്ഞ രണ്ട് പ്രളയം കണക്കിലെടുത്ത്, ആവശ്യമായ മുൻകരുതലെടുക്കാൻ സർക്കാർ തയ്യാറാകണം. പശ്ചിമ ഘട്ടം തകർത്ത്, പരിസ്ഥിതി നാശമുണ്ടാക്കി ഭീമമായ കടം വരുത്തിവെച്ച്, 25000 വീടുകളും, അത്രത്തോളം വ്യാപാര സ്ഥാപനങ്ങളും കുടിയിറക്കി നിർമ്മിക്കാൻ പോകുന്ന കെ.റെയിലിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അബ്ദുൽ സലാം യോഗം ഉൽഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് യു.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി സുനിൽ കുമാർ.വി, ട്രഷറർ എ വി എം കബീർ, വൈസ് പ്രസിഡണ്ട് ഷാഹുൽ ഹമീദ്, നേർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് എമ്മോസ് ടാംട്ടൺ,നിയോജക മണ്ഡലം ട്രഷറർ സിദ്ദീഖ് വലിയവീട്ടിൽ സംസാരിച്ചു. പുതിയ ഭാരവാഹികളായി യു.അബ്ദുറഹിമാൻ(പ്രസിഡണ്ട്), പി.ടി.അബ്ദുൽ ഷുക്കൂർ (ജന.സെക്രട്ടറി), കെ.സി.ഭാസ്‌ക്കരൻ(സീനിയർ വൈസ് പ്രസിഡണ്ട്), റസ്ലി അഹമ്മദ് (ട്രഷറർ), പുഷ്പാംഗതൻ, കോയിശ്ശേരി മണി(വൈസ് പ്രസിഡണ്ടുമാർ),ദിനേശ് മണി, ഷിബു, കെ.പ്രദീപ് കുമാർ, രജ്ഞിത്ത് മല്ലിശ്ശേരി, രജ്ഞിത്ത് കോക്കഞ്ചേരി ,മൊയ്തു കിങ്‌സ് ഇലക്ട്രിക്കൽസ് (സെക്രട്ടറിമാർ), വനിതവിംഗ് പ്രസിഡണ്ടായി സരിത, ജനറൽ സെക്രട്ടറിയായി ശശികല, ട്രഷററായി റീത്ത, യൂത്ത്‌വിംഗ് പ്രസിഡണ്ടായി പി.സിറാജ്, ക്ഷേമനിധി മെമ്പർഷിപ്പ് കൺവീനറായി ജോയ് പ്രസാദ് പുളിക്കലിനെയും തിരഞ്ഞെടുത്തു.