കോഴിക്കോട്: കാരശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് നിർമ്മിക്കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യാന്തര സഹകരണ മ്യൂസിയം 2023 ജനുവരിയിൽ പ്രവർത്തന സജ്ജമാകുമെന്ന് ബാങ്ക് ചെയർമാൻ എൻ.കെ.അബ്ദുറഹിമാൻ പറഞ്ഞു. സഹകരണ മേഖലയിൽ ലോകത്ത് ആദ്യമായി സ്ഥാപിക്കപ്പെട്ട സ്ഥാപനമാണ് മാഞ്ചസ്റ്ററിലെ ഇപ്പോഴത്തെ മ്യൂസിയം. സഹകരണ മേഖലയിൽ എല്ലാവരും ലാഭമുണ്ടാക്കുന്ന മേഖലയിൽ ഇടപെടുമ്പോൾ, വരും തലമുറക്ക് പ്രയോജനപ്പെടുന്നതും നാടിന്റെ യശസ്സ് ഉയർത്തുന്നതുമായ പദ്ധതിയാണിത്. സഹകരണ മേഖലയിൽ ലോകത്തിന് തന്നെ മാതൃകയായ യുഎൽസിസി, 107 വർഷം പാരമ്പര്യമുള്ള കോഴിക്കോട് ജില്ലാ ബാങ്ക് ഉൾപ്പെടെ വലിയ അടിത്തറ നമുക്കുണ്ട്. മ്യൂസിയത്തിൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ, യുഎൽസിസി, കേരള ബാങ്ക്, മാതൃഭൂമി എന്നിവരുടെയെല്ലാം പവലിയനുകളുണ്ടാകും. സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിച്ച് തരാമെന്ന് യുഎൽസിസി ഉറപ്പ് തന്നിട്ടുണ്ട്. ജനങ്ങൾ ഏറ്റവുമധികം ബന്ധപ്പെടുന്ന മേഖല സഹകരണ രംഗമാണെന്ന് എൻ.കെ ചൂണ്ടിക്കാട്ടി. രാജ്യാന്തര മ്യൂസിയത്തിന്റെ ഓഫീസ് ഉൽഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.