കോഴിക്കോട്: സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നാളെ മുതൽ സംസ്ഥാനത്തെ മുഴുവൻ പ്രൈവറ്റ് ബസുകളും,ബസുടമകളും സർവ്വീസ് നിർത്തിവെച്ച് അനിശ്ചിത കാല പണിമുടക്കിൽ പങ്കെടുക്കുമെന്ന് സംയുക്ത സമര സമിതി ചെയർമാൻ കെ.ടി.വാസുദേവനും, കൺവീനർ കെ.രാധാകൃഷ്ണനും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മിനിമം ചാർജ് 12 രൂപയാക്കുക, കിലോമീറ്റർ ചാർജ് ഒരു രൂപ പത്ത് പൈസയായും, വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് ആറ് രൂപയാക്കുക, കോവിഡ് കാലത്തെ ടാക്‌സ് ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് പണിമുടക്കിന് ആധാരം. കഴിഞ്ഞ നവംബർ 9നും, ഡിസംബർ 21നും അനിശ്ചിതകാല സമരം നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന ഗതാഗത വകുപ്പ് മന്ത്രിയുടെ ഉറപ്പിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ഡീസൽ വില വർദ്ധന ഉൾപ്പെടെ ഈ മേഖല കനത്ത പ്രതിസന്ധിയിലാണ്. 30,000 പ്രൈവറ്റ് ബസുകൾ ഉണ്ടായിരുന്ന സംസ്ഥാനത്ത് 12000ത്തോളമായി കുറഞ്ഞിരിക്കുകയാണ്. 5000ൽ താഴെ ബസുകൾ ഉള്ള കെഎസ്ആർടിസിക്ക് 1100 കോടി രൂപ ബജറ്റിൽ വകയിരുത്തിയപ്പോൾ പ്രൈവറ്റ് ബസ് മേഖലയെ പൂർണ്ണമായി അവഗണിച്ചതായി കെ.ടി.വാസുദേവൻ പറഞ്ഞു. എം.തുളസീദാസ്, പി.വി.സുഭാഷ് ബാബു പങ്കെടുത്തു.