കോഴിക്കോട്: മാർബിൾ ഗാലറി ട്രോഫിക്കുവേണ്ടി കേരള ഫൂട്ട് വോളി അസോസിയേഷൻ ദേശീയ ഫൂട്ട് വോളി അസോസിയേഷന്റെ സഹകരണത്തോടെ എട്ടാമത് ദേശീയ ഫൂട്ട് വോളി ചാമ്പ്യൻഷിപ്പ് ഈ മാസം 25 മുതൽ 27 വരെ കോഴിക്കോട് ബീച്ചിൽ നടത്തും. ജൂനിയർ സീനിയർ വിഭാഗങ്ങളിൽ ആൺകുട്ടികളും പെൺകുട്ടികളും ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കും. ഡബിൾ ത്രീസ് മത്സരങ്ങളാണ് നടക്കുക. 25ന് വൈകിട്ട് നാലുമണിക്ക് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ചാമ്പ്യൻഷിപ്പ് ഉൽഘാടനം ചെയ്യും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ദേശീയ ഫെഡറേഷന്റെ പതാക , ഫെഡറേഷൻ പ്രസിഡണ്ട് രാം അവദർ, സംസ്ഥാന അസോസിയേഷന്റെ പതാക ഓർഗനൈസിംഗ് കമ്മിററി വർക്കിംഗ് ചെയർമാൻ കെ.വി.അബ്ദുൽ മജീദ്, ജില്ലാ പതാക ജില്ലാ പ്രസിഡണ്ട് വി.അബ്ദുള്ള കോയ എന്നിവർ ഉയർത്തും. രാത്രിയിലും മത്സരങ്ങൾ നടക്കും. 26ന് വൈകിട്ട് 5.30ന് കോഴിക്കോട് എം പി എം.കെ.രാഘവൻ ട്രോഫികൾ വിതരണം ചെയ്യും. തുടർന്ന് ത്രിബിൾ മത്സരങ്ങൾ ആരംഭിക്കുകയും 27 വൈകിട്ട് 6.45ന് ട്രോഫികളും സർട്ടിഫിക്കറ്റുകളും ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫികളും കേരള ഫൂട്ട് വോളി അസോസിയേഷൻ പ്രസിഡണ്ട് മുഹമ്മദ് അബ്ദുൽ കരീം ഫൈസൽ ജേതാക്കൾക്ക് സമ്മാനിക്കും. വാർത്താ സമ്മേളനത്തിൽ ദേശീയ ഫൂട്ട് വോളി അസോസിയേഷൻ സെക്രട്ടറി ജനറൽ എ.കെ.മുഹമ്മദ് അഷ്‌റഫ്, ഓർഗനൈസിംഗ് കമ്മിറ്റി വർക്കിംഗ് ചെയർമാൻ കെ.വി.അബ്ദുൽ മജീദ് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ മെമ്പറും ചീഫ് കോർഡിനേറ്ററുമായ ടി.എം അബ്ദുറഹിമാൻ മാസ്റ്റർ, പബ്ലിസിറ്റി കൺവീനർ കെ.ബി.ജയാനന്ദൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എ.എം.നൂറുദ്ദീൻ, എം.എ.സാജിദ് എന്നിവർ പങ്കെടുത്തു.