കോഴിക്കോട്: ദീർഘകാലം മുസ്ലിം ലീഗിലും, എസ്ടിയുവിലും പ്രവർത്തിച്ച തങ്ങൾ, മുസ്ലിം ലീഗിന്റെ നയപരിപാടികളിൽ പ്രതിഷേധിച്ച് പാർട്ടി വിടുകയാണെന്ന് കെ.മമ്മത്‌കോയ കുന്നുമ്മലും, സിവിഎ റസാക്കും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാർട്ടി തകർന്നടിയുമ്പോൾ നേതൃത്വം നിസംഗത പാലിക്കുകയാണ്. വ്യക്തി താൽപര്യങ്ങളുള്ളവർ പാർട്ടിയെ കൈയ്യടക്കി വെച്ചിരിക്കുകയാണ്. കുഞ്ഞാലിക്കുട്ടി പാർലമെന്റിലേക്ക് പോയത് അവിടെ കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ മന്ത്രിയാവാനാണെന്നും അത് നടക്കാതെ വന്നപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചത് യുഡിഎഫ് അധികാരത്തിൽ വന്നാൽ സംസ്ഥാന ഭരണം നിയന്ത്രിക്കാമെന്ന ധാരണയിലായിരുന്നു എന്നവർ കുറ്റപ്പെടുത്തി. ലീഗിൽ പ്രാഥമിക അംഗത്വം പോലുമില്ലാത്ത വ്യക്തിയാണ് ഹൈദരലി തങ്ങളുടെ മകനായ മുഇനുദ്ദീൻ തങ്ങളെ ലീഗ് ഹൗസിൽ വെച്ച് അപമാനിച്ചത്. ജില്ലയിൽ പാർട്ടി സംഘടന തകർന്നിരിക്കുകയാണ്. അഖിലേന്ത്യ ലീഗും, യൂണിയൻ ലീഗും ലയിച്ചതിന് ശേഷം യൂണിയൻ ലീഗിന്റെ നേതാക്കൾ പുറത്താകുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. സംസ്ഥാന മൽസ്യ തൊഴിലാളി ഫേഡറേഷൻ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചയാളാണ് താനെന്ന് സി.വി.എ.റസാക്കും, 66-ാം വാർഡ് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ടെന്ന് കെ.മമ്മദ്‌കോയയും പറഞ്ഞു. ലീഗ് ഹൗസ് ഓഫീസ് സെക്രട്ടറിയെ നിയമിക്കുന്നത് പോലും നേതാക്കളുടെ വ്യക്തി താൽപര്യങ്ങൾ സംരക്ഷിക്കുന്നവരെ നോക്കിയാണെന്നവർകുറ്റപ്പെടുത്തി. ഹിന്ദുത്വ വർഗ്ഗീയ ശക്തികളെ ചെറുക്കാൻ സമർത്ഥമായി ഇടപെടുന്ന ഇടതുപക്ഷത്തിന്റെ കൂടെ നിൽക്കുന്ന അധികാര പങ്കാളിത്തമുളള ഐഎൻഎല്ലിൽ ചേർന്ന് പ്രവർത്തിക്കുമെന്നവർ കൂട്ടിച്ചേർത്തു.