കോഴിക്കോട്: പൂർണ്ണ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ‘ഓർമ്മ: വി.ആർ.ഗോവിന്ദനുണ്ണി’ എന്ന പുസ്തകം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഗോപി പഴയന്നൂരിന് നൽകി പ്രകാശനം ചെയ്തു. ടി.ബി.എസ് ഹാളിൽ നടന്ന ചടങ്ങിൽ യു.കെ.കുമാരൻ അധ്യക്ഷം വഹിച്ചു. എക്കാലവും ഓർമ്മിക്കപ്പെടുന്ന വ്യക്തിത്വമാണ് ഗോവിന്ദനുണ്ണിയുടേതെങ്കിലും അർഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് ലഭിച്ചിരുന്നോ എന്നത് സംശയമാണെന്നും അദ്ദേഹം പറഞ്ഞു.
നഷ്ടങ്ങളുടേതായ ഒരു കാലഘട്ടം തന്റെ ജീവിതത്തിലുണ്ടായിട്ടുണ്ടെന്നും അപ്പോഴൊക്കെ താങ്ങും തണലുമായി നിന്നതും, മാതൃഭൂമിയിൽ ജോലി ലഭ്യമാക്കിയതും മനസ്സ് നിറയെ സംഗീതമായിരുന്ന തന്നെ എഴുതാൻ പ്രേരിപ്പിച്ചതും ഗോവിന്ദനുണ്ണിയാണെന്ന് കൈതപ്രം അനുസ്മരിച്ചു.
കഥാകൃത്ത് ശത്രുഘ്‌നൻ പുസ്തക പരിചയം നടത്തി. നിലപാടുകളിൽ ഉറച്ചു നിൽക്കുമ്പോഴും വളർന്നു വരുന്ന എഴുത്തുകാരെ പ്രോത്സാഹിപ്പിച്ച മഹാവ്യക്തിത്വമായിരുന്നു ഗോവിന്ദനുണ്ണിയെന്ന് ഗോപി പഴയന്നൂർ പറഞ്ഞു.. കെ സി നാരായണൻ , ജമാൽ കൊച്ചങ്ങാടി, ഗിരിജ പാതേക്കര തുടങ്ങിയവർ അനുസ്മരിച്ചു. എൻ. ഇ. മനോഹർ സ്വാഗതവും, വത്സല ഗോവിന്ദനുണ്ണി നന്ദിയും പറഞ്ഞു .