ആവിക്കൽതോട് പ്രദേശത്ത് പ്ലാന്റ് തുടങ്ങാൻ സമ്മതിക്കില്ല – സംയുക്ത സമര സമിതി

കോഴിക്കോട്: വെള്ളയിൽ ആവിക്കൽതോടിന് സമീപം സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ സമ്മതിക്കില്ലെന്ന് സംയുക്ത സമര സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രദേശത്തെ സിപിഎം ഒഴികെയുളള രാഷ്ട്രീയ-സാമുദായിക സംഘടനകൾ, ക്ഷേത്ര-മഹല്ല് കമ്മറ്റികളടക്കം എല്ലാവരും പദ്ധതിക്കെതിരാണ്. എന്നാൽ ഇക്കാര്യത്തിൽ മേയർ തെറ്റിദ്ധാരണ പരത്തുകയാണെന്ന് ജനകീയ കൂട്ടായ്മ ചെയർമാൻ ടി.ദാവൂദും കൺവീനർ ഇർഫാൻ ഹബീബും പറഞ്ഞു. ജനങ്ങൾ ഒന്നാകെ എതിര് നിൽക്കുന്ന പദ്ധതി മറ്റൊരു ഇടത്തേക്ക് മാറ്റി സ്ഥാപിക്കാൻ അധികാരികൾ തയ്യാറാകണം. ആയിരക്കണക്കിന് ജനങ്ങൾ താമസിക്കുന്ന പുതിയ കടവ്, തോപ്പയിൽ, ആവിക്കൽ പ്രദേശങ്ങളിലെ പാവപ്പെട്ടവരുടെ ജീവിതം ദുരിതത്തിലാക്കാനാണ് കോർപ്പറേഷൻ അധികാരികൾ ശ്രമിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി. പ്ലാന്റിനെതിരെ നടക്കുന്ന സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി 28, 29 തിയതികളിൽ വെള്ളയിൽ രാപ്പകൽ സമരം നടത്തും. 28ന് രാവിലെ 9 മണിക്കാരംഭിക്കുന്ന സമരം 29ന് രാവിലെ 9 മണിക്ക് സമാപിക്കും. വാർഡ് കൗൺസിലർ സോഫിയ അനീഷ്, കെ.ഷൈബു, പി.ടി.ആഷിഖ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

.

Share

Leave a Reply

Your email address will not be published. Required fields are marked *