ടെലി വെറ്റിനറിയൂണിറ്റിന്റെ സേവനം എല്ലാ ജില്ലകളിലും നടപ്പാക്കും മന്ത്രി ജെ.ചിഞ്ചുറാണി

ടെലി വെറ്റിനറിയൂണിറ്റിന്റെ സേവനം എല്ലാ ജില്ലകളിലും നടപ്പാക്കും മന്ത്രി ജെ.ചിഞ്ചുറാണി

കടലുണ്ടി: കന്നുകാലികൾക്കും മറ്റു വളർത്തു മൃഗങ്ങൾക്കും പെട്ടന്ന് ഉണ്ടാകുന്ന അസുഖങ്ങൾക്കും കുത്തിവെയ്പ്പിനും മറ്റ് അത്യാഹിത സന്ദർഭങ്ങളിലും മൊബൈൽ ടെലി വെറ്റിനറി യൂണിറ്റിന്റെ സേവനം എല്ലാ ജില്ലകളിലും നടപ്പാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. ക്ഷീര വികസന വകുപ്പിന്റെയും കോഴിക്കോട് ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത്, മിൽമ, കേരളാഫീഡ്‌സ്, ജില്ലയിലെ ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ കടലുണ്ടി മണ്ണൂർ വളവിലുള്ള സിപെക്‌സ് ഓഡിറ്റോറിയത്തിൽവച്ച് നടന്ന ക്ഷീരകർഷക സംഗമത്തിന്റെയും ക്ഷീരഗ്രാമം പദ്ധതിയുടെയും സംയുക്ത ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
24 മണിക്കൂറും സേവന സജ്ജമായ ടെലി വെറ്റിനറി യൂണിറ്റ് ക്ഷീര കർഷകരുടെ വീട്ടുമുറ്റത്ത് അത്യാവശ്യ ഘട്ടങ്ങളിൽ എത്തിക്കുകയാണ് ഉദ്ദേശ്യം. കിസാൻ റെയിൽ പദ്ധതിയിലൂടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കന്നുകാലി തീറ്റ കേരളത്തിൽ എത്തിക്കുന്നത് പരിഗണനയിലാണ്. സംസ്ഥാനത്ത് തീറ്റപുൽ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കും.
ക്ഷീര സംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദർശനം, ഡയറി എക്‌സപോ, സഹകരണ ശിൽപശാല, വ്യക്തിവികസന ക്ലാസ്, ക്ഷീര കർഷക സെമിനാർ, ഡയറി ക്വിസ്, ക്ഷീര സംഘം ജീവനക്കാർക്കും ഭാരവാഹികൾക്കും ഉള്ള കായിക മത്സരങ്ങൾ, മെഡിക്കൽ ക്യാമ്പ്, ക്ഷീര കർഷകരെ ആദരിക്കാൻ കലാസന്ധ്യ എന്നിവ സംഘടിപ്പിച്ചു. ക്ഷീര വികസന വകുപ്പ് ഡയറക്ടർ വി.പി.സുരേഷ്‌കുമാർ പദ്ധതി വിശദീകരണം നടത്തി.
കടലുണ്ടി ക്ഷീര സംഘം പ്രസിഡണ്ട് കെ.പുഷ്പരാജൻ സ്വാഗതം പറഞ്ഞു. എം.പിമാരായ എം.കെ.രാഘവൻ, എളമരം കരീം, കുന്നമംഗലം എം.എൽ.എ പി.ടി.എ റഹീം, മിൽമ ചെയർമാൻ കെ.എസ്.മണി കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ഫറോക്ക് മുനിസിപ്പാലിറ്റി ചെയർമാൻ എൻ.സി.അബ്ദുൽ റസാഖ്, രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ ബുഷറ റഫീഖ്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സജിത പൂക്കാടൻ, കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനുഷ.വി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.പി.ഗവാസ്, ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, ത്രിതല ജനപ്രതിനിധികൾ, ക്ഷീര കർഷകർ, സാമൂഹ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. കോഴിക്കോട് ജില്ല ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രശ്മി.ആർ.നന്ദി പറഞ്ഞു.

 

 

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *