കോഴിക്കോട്: ഫറോക്കിലെ ക്ഷീര കർഷകനും, സഹകാരിയുമായ കെ.എം.മുഹമ്മദ് ബഷീറിന്റെ മീനാക്ഷിയെന്ന പശുവിന് ലോകത്തിലെ ഏറ്റവും ചെറിയ പ്രസവിച്ച പശുവിനുളള യു ആർ എഫ് റിക്കോർഡ് ലഭിച്ചതായി യു ആർ എഫ് വേൾഡ് റിക്കോർഡ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മീനാക്ഷിയുടെ ഉയരം 76 സെന്റിമീറ്ററാണ്. വെച്ചൂർ പശുവിനാണ് നിലവിലെ ഗിന്നസ് റിക്കോർഡ്. ഗിന്നസ് രേഖകൾ പ്രകാരം ഈ പശുവിന്റെ ഉയരം 90 സെന്റിമീറ്ററാണ്. ഈ വിവരങ്ങൾ വെറ്റിനറി ഡോക്ടർ ഇ.എം.മുഹമ്മദ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആന്ധ്രയിലെ പുങ്കാനൂർ ഇനത്തിൽപ്പെട്ടതാണ് മീനാക്ഷി. ഗിന്നസ് റിക്കോർഡിന് വേണ്ടി രേഖകൾ സമർപ്പിച്ചതായി സുനിൽ ജോസഫ് കൂട്ടിച്ചേർത്തു. രാജ്യത്ത് വംശനാശം നേരിടുന്ന അപൂർവ്വയിനം പശുക്കളെയും നാടൻ പശുക്കളെയും പരിപാലിക്കുന്ന കെ.എം.മുഹമ്മദ് ബഷീർ കരുവൻ തിരുത്തി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും, സംയോജിത ജൈവകൃഷിയുടെ ഫറോഖ് ഏരിയ ചെയർമാനുമാണ്. നാടൻ പശുക്കളിൽ നിന്ന് പോഷകമൂല്യമുള്ള പാലും, പാലുൽപ്പന്നങ്ങളും വിതരണം ചെയ്യുന്ന നാച്ചുറൽ എ ടു മിൽക്ക് സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം സഞ്ചരിക്കുന്ന വ്യക്തിത്വമാണ്. 18ന് വൈകിട്ട് 5 മണിക്ക് കരുവൻതുരുത്തി മഠത്തിൽ പാടം സഫീദ മൻസിലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് യൂണിവേഴ്‌സൽ റിക്കോർഡ് സർട്ടിഫിക്കറ്റ് സമ്മാനിക്കും.