കോഴിക്കോട്: കാഴ്ച പരിമിതർക്ക് വേണ്ടി ആൾ ഇന്ത്യ ചെസ്സ് ഫെഡറേഷൻ ഫോർ ദി ബ്ലൈൻഡിന്റെ (AICFB) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗത്ത്‌സോൺ ചെസ്സ് ടൂർണ്ണമെന്റ് 19,20,21 തിയതികളിൽ പുളിക്കൽ എബിലിറ്റി ആർട്‌സ് ആന്റ് സയൻസ് കോളേജിൽ നടക്കും. സംസ്ഥാനത്ത് നിന്ന് 20 പേരടക്കം സൗത്ത് ഇന്ത്യയിൽ നിന്നായി 100 കാഴ്ച പരിമിതരാണ് മൽസരത്തിൽ മാറ്റുരക്കുക. 15 വനിതകളും മൽസരത്തിൽ പങ്കെടുക്കും. കാഴ്ച ശക്തിയുള്ളവരും കാഴ്ച വെല്ലുവിളികൾ നേരിടുന്നവരും ഒരേ നിയമങ്ങൾ പാലിച്ച് കളിക്കുന്ന ഏക കായിക വിനോദമാണ് ചെസ്സെന്നും, തുല്ല്യ അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ ആർക്കൊപ്പവും മൽസരിക്കാനാവുമെന്ന് കേരള ചെസ്സ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് പ്രസിഡണ്ട് മുഹമ്മദ് സാലിഹ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
20ന് ഞായർ കാലത്ത് 11 മണിക്ക് നടക്കുന്ന ഉൽഘാടന ചടങ്ങിൽ ഒളിമ്പ്യൻ എൻ.ആർ അനിൽകുമാർ, പുളിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.മുഹമ്മദ് മാസ്റ്റർ, വിഗിനേഷ് സെക്രട്ടറി എഐസിഎഫ്ബി സൗത്ത് സോൺ, കിഷൻഗംഗോലി വൈസ് പ്രസിഡണ്ട് എഐസിഎഫ്ബി സംബന്ധിക്കും. ആൾ ഇന്ത്യ ചെസ്സ് ഫെഡറേഷൻ ഫോർ ദി ബ്ലൈൻഡ്, കേരള സ്റ്റേറ്റ് ചെസ്സ് അസോസിയേഷൻ ഫോർ ദിബ്ലൈൻഡ്, എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾഡ് പുളിക്കൽ എന്നിവ സംയുക്തമായാണ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്. ഏപ്രിൽ 5 മുതൽ മഹാരാഷ്ട്രയിലെ പൂനയിൽ വെച്ച് നടക്കുന്ന നാഷണൽ മീറ്റിലേക്കുള്ള സെലക്ഷൻ ഈ ടൂർണ്ണമെന്റിൽ നടക്കും. ഇന്റർ നാഷണൽ ടൂർണ്ണമെന്റ് ജൂലൈ മാസത്തിൽ മാസിഡോണിയയിലാണ്.
പൊതു സമൂഹവുമായി അടുത്തിടപഴകാനും, അവരിൽ ഒരാളായി നിലനിൽക്കാനും, കാഴ്ച പരിമിതർക്ക് ചെസ്സിലൂടെ സാധിക്കുമെന്നും, കാഴ്ച പരിമിത സമൂഹത്തിൽ യുവതലമുറയിൽ ചെസ്സ് പ്രചരിപ്പിച്ച് ചെസ്സിനെ സാമൂഹിക ശാക്തീകരണത്തിനുള്ള ഉപാധിയാക്കലാണ് ഇത്തരം മൽസരങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് എബിലിറ്റി ഫൗണ്ടേഷൻ ചെയർമാൻ കെ.അഹമ്മദ്കുട്ടി പറഞ്ഞു. 21ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കൊണ്ടോട്ടി ഡി വൈ എസ് പി കെ.അഷ്‌റഫും മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ സറീന ഹസീബും സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ മുഹമ്മദ് സാലിഹ്.പി.കെ, എബിലിറ്റി സെക്രട്ടറി അഡ്വ.സലീം കോനാരി, അബ്ദുള്ള.കെ.പി ജോയന്റ് സെക്രട്ടറി കേരള ചെസ്സ് അസോസിയേഷൻ ദി ബ്ലൈൻഡ്, ജമാൽ പുളിക്കൽ, അബ്ദുൽ ലത്തീഫ് വൈലത്തൂർ പങ്കെടുത്തു.