പേരാമ്പ്ര: കടിയങ്ങാട് ചെറുപുഴയുടെ വീണ്ടെടുപ്പിനും പരിപാലനത്തിനും ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൂത്താളി പഞ്ചായത്ത് അതിർത്തിയോട് ചേർന്ന പര്യയി, ഏരംതോട്ടം, കോവുപ്പുറം മുതൽ കല്ലർമുഴി വരെയുള്ള ഏഴ് കിലോമീറ്ററാണ് മാലിന്യങ്ങൾ നീക്കി കുളിക്കടവുകളും മറ്റുമൊരുക്കി സംരക്ഷിക്കുന്നത്.
ലോക ജലദിനമായ മാർച്ച് 22ന് അയ്യായിരം സന്നദ്ധ പ്രവർത്തകരെ രംഗത്തിറക്കി പുഴ വൃത്തിയാക്കി ഒഴുക്ക് സുഗമമാക്കും. കയർ ഭൂവസ്ത്രം വിരിച്ചും ഈറ്റയും മുളയും, കണ്ടൽക്കാടുകളും വച്ച് പിടിപ്പിച്ചും സൗകര്യപ്രദമായ ഇടങ്ങളിൽ കുളിക്കടവുകൾ സജ്ജമാക്കിയും പരിപാലനം ഉറപ്പ് വരുത്തും. ചുമതല പുഴത്തീരങ്ങളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് നൽകും. വാർഡുതലത്തിലും പഞ്ചായത്ത്തലത്തിലും മോണിറ്ററിംഗ് സമിതികൾ രൂപീകരിക്കുകയും ചെയ്യും.
വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സാംസ്കാരിക-സന്നദ്ധ സംഘടനകളുടെയും കുടുംബശ്രീയുടെയും പിന്തുണയുമുണ്ട്. പഞ്ചായത്തിലെ 19 വാർഡുകളിൽ നിന്നായി അയ്യായിരത്തിലേറെ വളണ്ടിയർമാരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. വിവിധ സ്ക്വാഡുകളാക്കി പുഴയുടെ ഇരു കരകളും വിഭജിച്ച് ശുചീകരണ ചുമതല നൽകിയിരിക്കുകയാണ്. പുഴയോരത്തെ വീടുകളിൽ നിന്നോ മറ്റോ അഴുക്കുജലം പുഴയിലേക്ക് ഒഴുകുന്നുണ്ടോ എന്നതും ഇവർ കണ്ടെത്തി തടയും. താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക് ആവശ്യമെങ്കിൽ ബദൽ സെപ്റ്റിക് ടാങ്ക് നിർമ്മാണത്തിന് പഞ്ചായത്ത് ധനസഹായം ലഭ്യമാക്കും. വളണ്ടിയർമാർക്ക് തൊഴിൽ ഉപകരണങ്ങളും ഭക്ഷണവും കുടിവെള്ളവും അതത് വാർഡു കമ്മറ്റികൾ എത്തിക്കും. സാധ്യമാകുന്ന ഇടങ്ങളിൽ യന്ത്രോപകരണങ്ങൾ ഉപയോഗിക്കും.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി (ചെയർമാൻ), പഞ്ചായത്ത് വികസന ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.വി.കുഞ്ഞിക്കണ്ണൻ (ജനറൽ കൺവീനർ), മുൻ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പി.കുഞ്ഞമ്മദ് (ട്രഷറർ) എന്നിവർ ഭാരവാഹികളായ 501 അംഗ കമ്മറ്റിയാണ് പുഴ സംരക്ഷണത്തിന് നേതൃത്വം നൽകുന്നത്. പഞ്ചായത്തിലെ സംഘാടക സമിതി, വാർഡ് തല സമിതികൾ അയൽ സഭകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഉൾപ്പെടെ 700ൽ പരം പ്രചാരണ യോഗങ്ങൾ സംഘടിപ്പിച്ചു. പുഴയെ അറിയുന്നതിന്റെ ഭാഗമായി പുഴ നടത്തവും, വാർഡ് തലത്തിൽ വിളംബര ജാഥകളും വീടുകൾ തോറും ലഘുലേഖ വിതരണവും നടന്നു. പരിപാടിയുടെ ചെലവിലേക്ക് ഒരു കുടുംബത്തിൽ നിന്ന് 50 രൂപവീതം ശേഖരിക്കുന്നുണ്ട്.
കടിയങ്ങാട് പാലത്തിനടുത്ത് 22ന് രാവിലെ 9 മണിക്ക് ടി.പി.രാമകൃഷ്ണൻ എം.എൽ.എ സന്നദ്ധ പ്രവർത്തനം ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടർ ഡോ.തേജ് ലോഹിത് റെഡ്ഡി പങ്കെടുക്കും. വൈകുന്നേരം ചേരുന്ന പുഴവീണ്ടെടുപ്പ് പരിപാലന പ്രഖ്യാപന സദസ്സിൽ മന്ത്രിമാർ, ജനപ്രതിനിധികൾ രാഷ്ട്രീയ നേതാക്കൾ, എഴുത്തുകാർ, പരിസ്ഥിതി പ്രവർത്തകർ പങ്കെടുക്കും. കെ.വി.കുഞ്ഞിക്കണ്ണൻ ജനറൽ കൺവീനർ സംഘാടക സമിതി, പഞ്ചായത്ത് മെമ്പർ ഇ.ടി.സരീഷ്, അബ്ദുള്ള സൽമാൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.